കൊറോണ ഞങ്ങളെ തുന്നൽക്കാരാക്കി ; കൊവിഡിൽ യൗവനിക വീണപ്പോൾ കെ.പി.എ.സി തുന്നി നൽകിയത് ഒരു ലക്ഷത്തോളം മാസ്‌കുകൾ
സ്വന്തം ലേഖകൻ
ആലപ്പുഴ: കൊവിഡിൽ ഏറെ വലയുന്നൊരു വിഭാഗമാണ് നാടകസമിതിക്കാർ. കെ.പി.എ.സിയുടെ ‘മുടിയനായ പുത്രൻ’ എന്ന നാടകത്തിന് അവസാന ബുക്കിംഗ് മാർച്ച് 12നായിരുന്നു. കൊല്ലത്തായിരുന്നു വേദി. അപ്പോഴാണ് കൊവിഡ് വട്ടം ചാടിയത്. പിന്നീട് ഇതുവരെ വേദിയിൽ കയറേണ്ടി വന്നിട്ടില്ല
കൊറോണ വ്യാപിച്ചതോടെ ആശങ്കയിലായ നാടകസമിതിക്കാർക്ക് മാസ്‌ക് നിർമ്മാണമാണ് വഴികാട്ടിയായത്. മുടിയനായ പുത്രനിൽ ശാരദയായി എത്തുന്ന സ്‌നേഹയും തയ്യൽ വശമാക്കി. ദിവസം 300 മാസ്‌ക് തുന്നും. ഒന്നിന് രണ്ടര രൂപ വച്ച് പ്രതിഫലം കിട്ടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 11ന് ഗുരുവായൂരിൽ ‘മഹാകവി കാളിദാസൻ’ നാടകത്തിന് തിരശീല വീണതോടെ വേദിയിൽ പ്രകാശവിതാനം നിർവഹിക്കുന്ന വസിഷ്ഠന്റെ ജീവിതവും ഇരുട്ടിലായെങ്കിലും കെ.പി.എ.സിയിലെ തുന്നൽ പണി ജീവിതത്തിൽ വെളിച്ചമായി മാറി.
ഇതുവരെ സമിതി തുന്നിക്കൂട്ടിയ മാസകുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. സമിതിയിലെ 40 ഓളം അംഗങ്ങൾക്ക് കൈത്താങ്ങായാണ് മാസ്‌ക് നിർമ്മാണം തുടങ്ങിയത്.
ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ആവശ്യക്കാരായി. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ഒരു ലക്ഷത്തിന്റെ വില്പന ഏറ്റു. 10 മുതൽ 25 രൂപ വരെയുള്ള മാസ്‌കുകൾ നിർമ്മിച്ച് നൽകുന്നുണ്ട്.
കടന്നുവന്ന വഴികളിൽ നിരവധി പ്രതിസന്ധികളെ അതിജീവിച്ച ചരിത്രമുണ്ട് കെ.പി.എ.സിക്ക്. ഇപ്പോഴത്തെ പ്രതിസന്ധിയിൽ ജനങ്ങളിലേക്ക് ആ സന്ദേശം എത്തിക്കാൻ കൂടിയാണ് മാസ്‌ക് തുന്നലെന്ന് കെ.പി.എ.സി സെക്രട്ടറി അഡ്വ.ഷാജഹാൻ പറഞ്ഞു.