കർഷകരക്ഷക്കായി സഹകരണമേഖലയുടെ ഇടപെടൽ വേണം കേരളാ കോൺഗ്രസ്സ് (എം) ഓൺലൈൻ നേതൃയോഗം
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് മഹാവ്യാധി തകർത്ത് തരിപ്പണമാക്കിയ കാർഷിക മേഖലയ്ക്ക് കൈത്താങ്ങാകാൻ കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ ഗൗരവപൂർവ്വമായ ഇടപെടൽ വേണമെന്ന് കേരള കോൺഗ്രസ്സ് (എം) ഓൺലൈൻ വീഡിയോ കോൺഫറൻസ് നേതൃയോഗം ആവശ്യപ്പെട്ടു.
പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തിയ വീഡിയോ കോൺഫറൻസിൽ പാർട്ടിയുടെ 14 ജില്ലാ പ്രസിഡന്റുമാരും, എം.പിമാരും, എം.എൽ.എമാരും, മുൻ എം.എൽഎമാരും പങ്കെടുത്തു. കാർഷിക ഉൽപ്പന്നങ്ങൾ സഹകരണ സ്ഥാപനങ്ങൾ വഴി സംഭരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളബാങ്കിന് 826 ശാഖകളും 70447 കോടി നിക്ഷേപവും 1643 സഹകരണബാങ്കുകൾക്കായി ഏകദേശം മൂവായിരത്തിൽപ്പരം ശാഖകളും 95478 കോടി രൂപ നിക്ഷേപവുമുണ്ട്. ഇതിൽ 1086 സഹകരണ ബാങ്കുകൾക്ക് സ്വന്തമായി ഗോഡൗണും 108 വാടക ഗോഡൗണുകളുമുണ്ട്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ശാഖകളുള്ള കേരള ബാങ്കിന്റെയും, സഹകരണ സ്ഥാപനങ്ങളുടേയും ഈ ബൃഹത്തായ ശൃംഖലയെ ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തണം.
മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ നെഴ്സുമാർ ഉൾപ്പെടെയുള്ള മലയാളികളെ തിരിച്ചെത്തിക്കുന്നതിന് മുൻഗണന നൽകണം. ഇതര സംസ്ഥാനങ്ങളിൽ ആയിരകണക്കായ മലയാളികളാണ് തിരിച്ചെത്താനാകാകെ ലോക്ക്ഡൗണിനെത്തുടർന്ന് കുടുങ്ങിപ്പോയിട്ടുള്ളത്.
അന്യനാടുകളിൽ തൊഴിലെടുക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്ത് ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയവർ, പരീക്ഷ, ഇന്റർവ്യൂ, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി സമീപ സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്തവർ തുടങ്ങി ആയിരകണക്കിന് ആളുകൾ പൊതുഗതാഗത സംവിധാനങ്ങൾ നിശ്ചലമായതിനെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ അരക്ഷിതാവസ്ഥയിൽ തുടരുകയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലേക്ക് എത്തിക്കുന്നതുന് സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിന്റെ അനുമതി തേടണം. തിരിച്ചെത്തുന്നവർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ മതിയായ കോറന്റൈൻ സൗകര്യങ്ങളും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്താനും കേരളത്തിന് കഴിയേണ്ടതുണ്ട്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസിമലയാളികൾ വലിയ പ്രതിസന്ധിയിലാണ്. ഇവരെ തിരികെ എത്തിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനും, നിർദേശങ്ങളും കേരള കോൺഗ്രസ്സ് പാർട്ടി സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. പ്രവാസികളെ തിരികെ എത്തിക്കുവാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ ജോസ് കെ.മാണി എം.പി, തോമസ് ചാഴിക്കാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ, മുൻ എം.എൽ.എമാരായ ജോസഫ് എം.പുതുശ്ശേരി, സ്റ്റീഫൻ ജോർജ്, പി.എം മാത്യു, 14 ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
ലോക്ക് ഡൗൺ രാഷ്ട്രീയ പ്രവർത്തനത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും സ്വഭാവത്തെ മാറ്റിമറിച്ച സാഹചര്യത്തിൽ താഴെതട്ടിൽ വരെ ഇത്തരം നൂനത സംവിധാനങ്ങൾ സംഘടനാപ്രവർത്തനത്തിനായി പരീക്ഷിക്കുമെന്ന് ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു.