play-sharp-fill
കോടതിയുടെ സമയം കളഞ്ഞ മാലം സുരേഷിനു ശാസന..! മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി: ക്ലബ് സെക്രട്ടറി മാലം സുരേഷിനു ജാമ്യമില്ല; ജാമ്യത്തിന് കീഴ് കോടതിയെ സമീപിക്കാൻ നിർദേശം; കേസിൽ പ്രതികളുടെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും

കോടതിയുടെ സമയം കളഞ്ഞ മാലം സുരേഷിനു ശാസന..! മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി: ക്ലബ് സെക്രട്ടറി മാലം സുരേഷിനു ജാമ്യമില്ല; ജാമ്യത്തിന് കീഴ് കോടതിയെ സമീപിക്കാൻ നിർദേശം; കേസിൽ പ്രതികളുടെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് ക്രൗൺ ക്ലബ് കേന്ദ്രീകരിച്ചുള്ള ചീട്ടുകളി കളത്തിൽ നിന്നും 18 ലക്ഷത്തോളം രൂപ പിടികൂടിയ സംഭവത്തിൽ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ച മണർകാട് സ്വദേശിയും ചീട്ടുകളി മാഫിയ തലവനുമായ മാലം സുരേഷിനു ജാമ്യമില്ല. ജാമ്യം തേടി കോടതിയെ സമീപിച്ച മാലം സുരേഷിനെ സെഷൻസ് കോടതി കണ്ടം വഴി ഓടിച്ചു. സ്‌റ്റേഷനിൽ നിന്നും ജാമ്യം ലഭിക്കാവുന്ന കുറ്റത്തിനു കോടതിയുടെ സമയം കളഞ്ഞതിനാണ് ശാസന.

ഇത് കൂടാതെ, ജാമ്യം വേണമെങ്കിൽ കീഴ്‌കോടതിയെ സമീപിക്കാനും കോടതി നിർദേശം നൽകി. ജൂലായ് 11 നാണ് മണർകാട് മാലം ക്രൗൺ ക്ലബ് കേന്ദ്രീകരിച്ചു നടന്ന ചീട്ടുകളി കളത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്. സംഭവ സ്ഥലത്തു നിന്നും 18 ലക്ഷം രൂപയുമായി 43 പേരെയാണ് പൊലീസ് സംഘം പിടികൂടിയത്. ഡിവൈ.എസ്.പിമാരായ ജെ.സന്തോഷ്‌കുമാറിന്റെയും, അനീഷ് വി കോരയുടേയും നേതൃത്വത്തിലായിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയെ തുടർന്നു തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് മാലം സുരേഷ് സെക്രട്ടറിയായ ക്രൗൺ ക്ലബിന്റെ നേതൃത്വത്തിലാണ് മണർകാട്ട് ചീട്ടുകളി കളം നടത്തിയിരുന്നതെന്നു കണ്ടെത്തിയത്. തുടർന്നു മണർകാട് പൊലീസ് മാലം സുരേഷിനെ കേസിൽ പ്രതി ചേർക്കുകയായിരുന്നു. പണം വച്ചു ചീട്ടുകളി അനധികൃതമായി നടത്തി, ലോക്ക് ഡൗൺ – കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചു, അനധികൃതമായി ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തു എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് മണർകാട് മാലം വാവത്തിൽ കെ.വി സുരേഷിനും ക്ലബ് പ്രസിഡന്റിനും എതിരെ ചുമത്തിയിരുന്നത്.

ഇതിനെതിരെയാണ് സുരേഷ് സെഷൻസ് കോടതിയെ ജാമ്യത്തിനായി സമീപിച്ചത്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചീട്ടുകളിയുമായി ബന്ധപ്പെട്ട് പൊലീസ് ചുമത്തിയിരുന്നത്. എന്നാൽ, കേസിലെ പ്രതിയായ മാലം സുരേഷ് കോടതിയെ സമീപിച്ച് ജാമ്യം തേടാൻ ശ്രമിക്കുകയായിരുന്നു. കേസ് അന്വേഷണം പരമാവധി വൈകിപ്പിക്കുക എന്ന ലക്ഷ്യമാണ് പ്രതിക്കുണ്ടായിരുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. മാത്രമല്ല സ്റ്റേഷനിൽ ഹാജരായാൽ ചാനലുകാർ പിടികൂടും എന്ന ഭയവും മാലം സുരേഷിനുണ്ടായിരുന്നു

തിങ്കളാഴ്ച സെഷൻസ് കോടതിയെ സമീപിച്ച മാലം സുരേഷിന്റെ ജാമ്യ ഹർജി കോടതി തള്ളുകയായിരുന്നു. കീഴ് കോടതിയെ സമീപിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനാണ് സെഷൻസ് കോടതി നിർദേശിച്ചത്. സുരേഷ് കോടതിയെ സമീപിച്ചിരിക്കുന്നതിനായാണ് ഇയാളുടെ മൊഴിയെടുപ്പും, അറസ്റ്റും വൈകുന്നതെന്നും കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

ചീട്ടുകളികേസിൽ പ്രതി ചേർക്കപ്പെട്ട 43 പേരുടെ മൊഴിയെടുപ്പ് നടപടികൾ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഓഫിസിൽ ചൊവ്വാഴ്ച ആരംഭിക്കും. കേസിലെ പ്രതികളായ അഞ്ചു പേർക്കു കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ ഉണ്ടാകുക.