video
play-sharp-fill
കഞ്ചാവ് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചു; പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

കഞ്ചാവ് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചു; പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പൊലീസിന് കോടതിയുടെ വിമർശനം. അന്വേഷണത്തില്‍ അലംഭാവം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയോട് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നിര്‍ദേശിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവ് കൊണ്ടാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ജൂലൈ 16നാണ് 200.6 കിലോ കഞ്ചാവുമായി മൂന്ന് പ്രതികളെ വെഞ്ഞാറമൂട് പൊലീസും റൂറല്‍ ഡാന്‍സാഫ് ടീമും പിടികൂടിയത്. പ്രതികളായ പുനലാല്‍ സ്വദേശി കിഷോര്‍, ശ്രീകാര്യം സ്വദേശി മനു, വര്‍ക്കല സ്വദേശി വിനോദ് എന്നിവരെ കോടതി റിമാന്‍ഡും ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ 186 ദിവസത്തിനു ശേഷവും കുറ്റപത്രം നല്‍കാത്തതോടെ പ്രതികള്‍ക്ക് ജാമ്യം നല്‍കി തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ സനില്‍കുമാര്‍ ഉത്തരവിട്ടു. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തെയും കാരണക്കാരായ അന്വേഷണ ഉദ്യോഗസ്ഥനെയും രൂക്ഷ ഭാഷയിലാണ് ഉത്തരവില്‍ വിമര്‍ശിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടി കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നതാണ്. സാധാരണക്കാരന് നിയമ വ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവിന്റെ പകര്‍പ്പ് അയക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.