play-sharp-fill
കോട്ടയം നഗരസഭയിലെ വഴിയോരകച്ചവടക്കാരുടെ ഉപരോധത്തിനിടെ സംഘർഷം; പോലീസും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ വാക്കേറ്റവും സംഘർഷവും; പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കൗൺസിലർമാർക്കെതിരെ കേസെടുത്തേക്കും

കോട്ടയം നഗരസഭയിലെ വഴിയോരകച്ചവടക്കാരുടെ ഉപരോധത്തിനിടെ സംഘർഷം; പോലീസും കോൺഗ്രസ്സ് കൗൺസിലർമാരും തമ്മിൽ വാക്കേറ്റവും സംഘർഷവും; പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കൗൺസിലർമാർക്കെതിരെ കേസെടുത്തേക്കും

സ്വന്തം ലേഖകൻ

കോട്ടയം: വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരായി സിഐടിയു നടത്തിയ നഗരസഭ ഉപരോധനത്തിനിടെ സംഘർഷം. രാവിലെ 11നു തുടങ്ങിയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കൗൺസിലർമാരെ സിഐടിയു പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഹാളിനുള്ളിലേക്ക് കൗൺസിലർമാരെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കൗൺസിലർമാർ റോഡ് ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസുമായി ഉന്തും തള്ളുമുണ്ടായി. ഇവർക്കെതിരെ കേസെടുത്തു. ബുധനാഴ്ച രാവിലെ 10 മണി മുതലാണ് സിഐടിയുവിന്റെ വഴിയോരക്കച്ചവട തൊഴിലാളികളുടെ നേതൃത്വത്തിൽ നഗരത്തിൽ നഗരസഭ ഓഫീസിന്റെ മൂന്ന് കവാടങ്ങളും ഉപരോധിച്ചത്. നഗരസഭാ ഓഫീസിന്റെ പ്രധാന കവാടവും ശീമാട്ടി റൗണ്ടാനക്ക് സമീപത്തെ കവാടവും എം.സി റോഡിൽ ക്യാന്റീനു സമീപമുള്ള കവാടവുമാണ് ഉപരോധിച്ചിരുന്നത്. 11മണിക്ക് നടക്കുന്ന കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് കൗൺസിലർമാർ 10.30തോടുകൂടിതന്നെ ഇവിടെയെത്തി. ഈ സമയം കൗൺസിലർമാരെ ഹാളിലേക്ക് കയറ്റിവിടാനാകില്ലെന്ന് ഒരുവിഭാഗം സിഐടിയു പ്രവർത്തകർ നിലപാടെടുത്തു. എന്നാൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ തങ്ങളെ അനുവദിക്കണമെന്ന് എംപി സന്തോഷ് കുമാർ അടക്കമുള്ള കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇതോടെ പോലീസ് സമരക്കാരുമായി ചർച്ച നടത്തി. ഒരുവിഭാഗം കൗൺസിലർമാരെ കൗൺസിൽ യോഗത്തിലേക്ക് കയറ്റിവിടുകയും ചെയ്തു. രണ്ട് മണിക്കൂറോളം കാത്തുനിന്ന കോൺഗ്രസ് കൗൺസിലർമാരാണ് അകത്ത് കയറാനാവാതെ പ്രതിഷേധിച്ച് രംഗത്തെത്തിയത്. എം.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ റോഡ് ഉപരോധവുമായി പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് നടന്നു. ഇതോടെ പോലീസും അവർക്കൊപ്പം എത്തി. ഇവരെ തടയാൻ പോലീസ് ശ്രമിച്ചതോടെ എം.പി സന്തോഷ്‌കുമാറും ഡിവൈഎസ്പി ആർ.ശ്രീകുമാറും തമ്മിൽ നേരിയ തോതിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടയിൽ ബിഡിജെഎസ് കൗൺസിലർ റിജേഷ് സി ബ്രിസ്‌വില്ലയെ പോലീസുകാർ പിടിച്ചുതള്ളിയതായി ആരോപിച്ച് വീണ്ടും വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി. തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് റോഡ് ഉപരോധിക്കാൻ എത്തിയവരെ നീക്കി. ഒരു മണിക്കൂറോളം കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ശീമാട്ടി റൗണ്ടാനയ്ക്ക് സമീപത്ത് വെച്ച് വാക്ക് തർക്കമുണ്ടായി. 12.30തോടുകൂടിതന്നെ സിഐടിയു പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ച് മടങ്ങിപ്പോയി. തുടർന്നാണ് കൗൺസിലർമാർക്ക് നഗരസഭാ ഓഫീസിനുള്ളിൽ പ്രവേശിക്കാനായത്. സംഘർഷത്തെ തുടർന്ന് റോഡ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നാണ് സൂചന. ബുധനാഴ്ച രാവിലെ 10 മണിയോടെ തുടങ്ങിയ ഉപരോധസമരത്തിന് സുരക്ഷ ഒരുക്കാൻ കോട്ടയം ഡിവൈഎസ്പി ആർ ശ്രീകുമാർ വെസ്റ്റ് സി ഐ നിർമ്മൽ ബോസ് എസ്‌ഐ എം.ജെ അരുണിന്റേയും നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.