സൗമ്യനായ നഗരസഭ ചെയർമാൻ; തൂവെള്ളയിൽ കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വം; സണ്ണിച്ചായൻ വിടപറയുമ്പോൾ കോട്ടയത്തിന് നഷ്ടമാകുന്നത് മികവേറിയ രാഷ്ട്രീയ വ്യക്തിത്വത്തെ; സണ്ണി കല്ലൂരിന് തേർഡ് ഐ ന്യൂസ് ലൈവിന്റെ ആദരാഞ്ജലികൾ
തേർഡ് ഐ ഡെസ്‌ക്
കോട്ടയം: ആർക്കും ഏതു സമയത്തും എന്തുകാര്യത്തിനും സമീപിക്കാവുന്ന രാഷ്ട്രീയ നേതാവ്. പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിക്കുന്ന, എന്തിനും ഒരു പിടി പരിഹാരങ്ങൾ കൈവശമുള്ള കോൺഗ്രസിലെ സൗമ്യ മുഖം. സണ്ണി കല്ലൂർ എന്ന സണ്ണിച്ചായന്റ വേർപ്പാടോടെ കോട്ടയത്തിന് നഷ്ടമാകുന്നത് രാഷ്ട്രീയത്തിന്റെ സൗമ്യതയേറിയ മുഖമാണ്. മുൻ നഗരസഭ അധ്യക്ഷൻ സണ്ണി കല്ലൂരിന്റെ നിര്യാണത്തിൽ തേർഡ് ഐ ന്യൂസ് ലൈവിന്റെ ആദരാഞ്ജലികൾ.
നാലു പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമാണ് നഗരസഭ അധ്യക്ഷനായിരുന്ന സണ്ണി കല്ലൂരിനുള്ളത്. കോട്ടയം നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന നിരവധി പദ്ധതികൾക്കാണ് സണ്ണി കല്ലൂർ തുടക്കം കുറിച്ചിട്ടുണ്ട്. സണ്ണിച്ചായന്റെ സ്വപ്ന പദ്ധതിയായ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി പൂർണതോതിൽ നടപ്പായിരുന്നെങ്കിൽ കോട്ടയം നഗരത്തിന്റെ തന്നെ മുഖഛായ മാറി മറിഞ്ഞേനെ. മാർ ഏലിയകത്തീഡ്രലിൽ നടന്ന വിവാഹത്തിൽ പെങ്കടുത്ത് വീട്ടിലേക്ക് മടങ്ങവെ ഞായറാഴ്ച ഉച്ചയോടെ കുഴഞ്ഞു വീണ സണ്ണി കല്ലൂർ, വൈകിട്ട് മൂന്നരയോടെ ഭാരത് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 2000 മുതൽ 2003 വരെയും, 2010 – മുതൽ 2012 വരെയും നഗരസഭയുടെ അധ്യക്ഷനായിരുന്ന സണ്ണി കല്ലൂർ കോട്ടയം നഗരസഭയുടെ ഏറ്റവും മികച്ച അധ്യക്ഷൻമാരിൽ ഒരാളായാണ് അറിയപ്പെടുന്നത് തന്നെ.
സണ്ണി കല്ലൂർ രണ്ടാം തവണ അധികാരമേറ്റെടുക്കുമ്പോൾ കലുഷിതമായിരുന്നു കോട്ടയം നഗരത്തിന്റെ അവസ്ഥ. മാലിന്യ സംസ്‌കരണ പദ്ധതികൾ എങ്ങുമെത്താതെ, കോട്ടയം നഗരം ചീഞ്ഞൂ നാറുന്നു. വടവാതൂർ ഡംപിങ് യാർഡ് അടച്ചു പൂട്ടുമെന്ന ഭീഷണിയും സമരങ്ങളും എല്ലാം ചേർന്ന് കോട്ടയം നഗരവാസികളുടെ ജീവിതം ഏറെ ദുരിതപൂർണമായ സാഹചര്യം. ഈ സാഹചര്യത്തിലാണ് സണ്ണി കല്ലൂർ കോട്ടയം നഗരസഭയുടെ ഭരണചക്രം ഏറ്റെടുക്കുന്നത്. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഈ സാഹചര്യം. മാലിന്യ സംസ്‌കരണ പദ്ധതികൾ സജീവമാക്കുന്നതിനായി സണ്ണി കല്ലൂർ ഏറ്റെടുത്തത് വലിയൊരു വെല്ലുവിളിയായിരുന്നു.
മലയാള മനോരമ സംഘടിപ്പിച്ച കൗൺസിലർമാരുടെ കൂട്ടായ്മയിൽ സണ്ണി കല്ലൂർ പ്രഖ്യാപിച്ചു നൂറു ദിവസം കൊണ്ട് കോട്ടയം നഗരത്തെ മാലിന്യ മുക്തമാക്കും. ഇതിനായി ഉറവിട മാലിന്യ സംസ്‌കരണമെന്ന വമ്പൻ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ വാർഡിലും മാലിന്യ സംസ്‌കരണ പ്ലാന്റുകളും യൂണിറ്റുകളും സ്ഥാപിച്ച് മാലിന്യ സംസ്‌കരണം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എല്ലാ വീടുകളിലും ജൈവ കമ്പോസ്റ്റ് യൂണിറ്റുകളും, ഉറവിട മാലിന്യ സംസ്‌കരണ പ്ലാന്റുകളും സ്ഥാപിക്കുന്നതിനുള്ള പദ്ധതിയായിരുന്നു ഇത്. തന്റെ ഭരണ കാലയളവായ രണ്ടു വർഷത്തിനിടെ കോട്ടയം നഗരത്തിലെ വിവിധ വാർഡുകളിൽ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ വീജയകരമായി സ്ഥാപിക്കാൻ സണ്ണി കല്ലൂരിനു സാധിച്ചു. എന്നാൽ, ഇദ്ദേഹം സ്ഥാനം ഒഴിഞ്ഞ ശേഷം പിന്നീട് എത്തിയ നഗരസഭ ഭരണാധികാരികൾക്ക് ഈ പദ്ധതി അതേ ഊർജത്തോടെ മുന്നോട്ട് കൊണ്ടു പോകാൻ സാധിച്ചില്ല. ഇതോടെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി ഊർദ്ധശ്വാസം വലിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതെങ്കിലും, നെൽകർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടാണ് സണ്ണി കല്ലൂർ സജീവമായത്. 2015ൽ തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരത്തിൽനിന്ന് വിട്ടുനിൽക്കാനായിരുന്നു തീരുമാനം. ജനപ്രതിധി അല്ലാതിരുന്നിട്ടും കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മുന്നിലെത്തിക്കാൻ സമരരംഗത്ത് സജീവമായിരുന്നു. കോട്ടയം നഗരസഭാ മുൻ അധ്യക്ഷൻ വേളൂർ കല്ലൂർ വീട്ടിൽ സണ്ണി കലൂരിന്റെ (68) മൃതദേഹം ചൊവ്വാഴ്ച രണ്ടു മുതൽ നഗരസഭയിലും മൂന്നു മുതൽ ഡി.സി.സി. ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 കോട്ടയം പുത്തൻപള്ളിയിൽ. ഭാര്യ ലില്ലിക്കുട്ടി ജോസ് ആർപ്പൂക്കര മണിയാപറമ്പ് തൊള്ളായിരം കുടുംബാംഗം. മക്കൾ: മെറിൻ ജോസഫ് കല്ലൂർ (ദുബൈ), ഡോ. മിഥുൻ കല്ലൂർ (ആയുർവേദ ആശുപത്രി, കുറിച്ചി). മരുമക്കൾ: അജി ജോർജ് (ദുബൈ, കറ്റാനം കൊച്ചുപ്ലാമൂട്ടിൽ കുടുംബാംഗം), സിനു (അധ്യാപകൻ, ബേക്കർ മെമ്മോറിയൽ സ്‌കൂൾ, പള്ളം കണ്ണമ്പുറത്തു നെടുംപറമ്പിൽ കുടുംബാംഗം)