കൊറോണയെ ചെറുക്കാൻ ശരീരത്തിൽ അണുനാശിനി തളിയ്ക്കല്ലേ, ഹാനികരമാണ്….! മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധത്തിനായി ജനങ്ങളുടെ മേൽ അണുനാശിനി തളിക്കുന്നത് ഹാനികരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ശരീരത്തിൽ അണുനാശിനി തളിക്കുന്നത് ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും അറിയിച്ചു.
കോവിഡ് ബാധിതനായ ഒരാളുടെ ശരീരത്തിനുള്ളിലാണ് കൊറോണ വൈറസ് ഉള്ളതെന്നതു കൊണ്ട് തന്നെ ശരീരത്തിന് പുറമെ അണുനാശിനി തളിക്കുന്നത് ഉപകാരപ്പെടില്ല. വസ്ത്രത്തിനു മുകളിലും ശരീരത്തിനു മുകളിലും അണുനാശിനി തളിക്കുന്നത് കൊറോണയെ പ്രതിരോധിക്കാൻ ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുപോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈറസ് പ്രതിരോധത്തിനായി പലയിടത്തും സോഡിയം ഹൈപോ ക്ലോറൈറ്റ് മനുഷ്യരുടെ മുകളിൽ തളിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ രീതി പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ മേധാവികളും അവലംബിച്ച വരുന്നതായി കണ്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം മറുപടി നൽകിയത്.
ദേഹത്ത് അണുനാശിനി തളിക്കണമെന്ന് ഒരു ഘട്ടത്തിലും നിർദേശിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് അവർക്ക് മാനസികമായും ശാരീരികമായും ഹാനികരമാണ്. അണുനാശിനി രാസഗുണമുള്ളവയാണ്. അതിനാൽ തന്നെ അജൈവ വസ്തുക്കളിലാണ് ഇത് പ്രയോഗിക്കുന്നത്.
രോഗവാഹകരായ അണുക്കളെ അവ നശിപ്പിക്കുമെങ്കിലും അതിന് അതിന്റേതായ ദൂഷ്യവശങ്ങളുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
കോവിഡ് രോഗബാധിതരോ ഉണ്ടെന്ന് സംശയിക്കപ്പെടുന്നവരോ പതിവായി തൊടുന്ന പ്രദേശങ്ങൾ / ഉപരിതലങ്ങൾ മാത്രം വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമാണ് രാസ അണുനാശിനികൾ ശുപാർശ ചെയ്യുന്നത്. മാത്രവുമല്ല ഗ്ലൗസും മറ്റു സുരക്ഷാ കവചങ്ങളും ഉപയോഗിച്ച് അണുനാശിനി പ്രയോഗിക്കാനാണ് നിർദേശമുള്ളതും.
അണുനാശിനികളിൽ അടങ്ങിയിരിക്കുന്ന ക്ലോറിൻ കണ്ണിന് പ്രശ്‌നങ്ങളുണ്ടാക്കും. കൂടാതെ ഇത് വയറിനും കേടാണ്. ചർദ്ദി, മനംപുരട്ടൽ എന്നിവയ്ക്കും കാരണമാകും.
സോഡിയം ഹൈപോക്ലോറൈറ്റ് ശ്വസന പ്രക്രിയയെ തടസ്സപ്പെടുത്തും. മൂക്കിലെയും തൊണ്ടയിലെയും ചെറു പാളികൾക്ക് അസ്വസ്ഥതയുമുണ്ടാക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.