കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി ; നടപടി മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം
സ്വന്തം ലേഖകൻ
തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡലേക്ക് മാറ്റിയത്.
മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്.സ്ഥിതിഗതികൾ വിലയിരുത്താനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വെള്ളിയാഴ്ച അർധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തൃശൂരിൽ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടിയെ ജനറൽ ആശുപത്രിയിൽനിന്ന് മാറ്റാനുള്ള തീരുമാനം വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ കണക്കിലെടുത്താണ് വിദ്യാർഥിനിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കൊറോണ പശ്ചാത്തലത്തിൽ വലിയ ഐസൊലേഷൻ വാർഡാണ് മെഡിക്കൽ കോളജിൽ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ച് ഡോക്ടർമാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഐസൊലേഷൻ വാർഡിലുള്ളത്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. പേവാർഡിൽ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികൾ സജ്ജീകരിച്ചത്. 20 മുറികളാണ് ഈ ഐസൊലേഷൻ വാർഡിൽ ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ രോഗികളെ കിടത്താനുള്ള സ്ഥലങ്ങളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വിദ്യാർഥിനിക്ക് പുറമേ നിലവിൽ ഒൻപത് പേർ തൃശൂരിൽ നിരീക്ഷണത്തിലുണ്ട്. വീടുകളിലും ആശുപത്രികളിലുമായി ആകെ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. പുനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലേക്കയച്ച നാല് പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്.