ആദ്യ കൊറോണ മരണത്തിന്റെ ഞെട്ടലിൽ കേരളം : ചുള്ളിക്കൽ സ്വദേശിയുടെ മരണവിവരം പുറത്ത് വിട്ടത് നാല് മണിക്കൂർ കഴിഞ്ഞ്; മരണാനന്തര ചടങ്ങുകൾ ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പാലിച്ച്
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ആദ്യ കൊറോണ മരണത്തിന്റെ നടുക്കത്തിലാണ് കേരളം. ചുള്ളിക്കൽ സ്വദേശിയായ 69കാരനാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് ഇയാൾ മരിച്ചത്.
മരിച്ച ചുള്ളിക്കൽ സ്വദേശിക്കൊപ്പം 15 പേരാണ് എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഈ പതിനഞ്ച് പേരിൽ ഹൈ റിസ്‌ക് രോഗിയായിരുന്നു ചുള്ളിക്കൽ സ്വദേശി. കടുത്ത ഹൃദ്രോഗത്തോടൊപ്പം കൊറോണ കൂടി ബാധിച്ചതാണ് ഹൈ റിസ്‌ക് രോഗിയായി ആരോഗ്യ വകുപ്പ് പരിഗണിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 22ന് ഇയാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ പരവേശിപ്പിച്ചത് മുതൽ 69കാരന്റെ നില അത്ര മെച്ചമായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ, ഇയാൾക്ക് ഉണ്ടായിരുന്ന ശ്വാസകോശ രോഗവും ഏറെ മൂർച്ഛിച്ചു വന്നിരുന്നു. ഇതേ തുടർന്ന് ഇയാളെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ പുരോഗമിച്ചിരുന്നത്.
എന്നാൽ ശനിയാഴ്ച രാവിലെ നില കൂടുതൽ വഷളാവുകയും ചെയ്തിരുന്നു. തുടർന്ന് എട്ട് മണിയോടെ മരണം സംഭവിച്ചു. എന്നാൽ, മരണം സംഭവിച്ച് നാല് മണിക്കൂർ പിന്നിട്ട് എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമായിരുന്നു ജില്ലാ ഭരണകൂടം വിവരം പുറത്ത് വിട്ടത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ വ്യക്തമായ നിർദ്ദേശം പാലിച്ചായിരിക്കും മരണാനന്തര ചടങ്ങ്. ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 873 ആയി. ശനിയാഴ്ച രാവിലെ വരെയുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. കൊറോണ വൈറസ് ബാധയിൽ രാജ്യത്ത് 19പേർ മരിച്ചു. 775 പേർ ചികിത്സയിലാണ്. രാജ്യത്താകമാനം 78 പേർ രോഗ മുക്തി നേടുകയും ആശുപത്രി വിടുകയും ചെയതിട്ടുണ്ട്. ഇതുവരേയും ഏറ്റവും കൂടുതൽ കൊറോണ ബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 180 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമതായി ഏറ്റവും കൂടുതൽ കൊറോണ വൈറസ് രോഗ ബാധിതർ ഉള്ളത് കേരളത്തിലാണ്. 176 പേർ. അതേസമയം മഹാരാഷ്ട്രയിൽ 25 ഉം കേരളത്തിൽ 11 പേരും രോഗമുക്തി നേടിയിട്ടുണ്ട്.