video
play-sharp-fill
വിദേശത്തു നിന്നെത്തിയാൽ ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന നിർദേശം പാലിക്കാൻ തയ്യാറാകാതെ പ്രവാസികളിൽ പലരും; തനിക്ക് രോഗലക്ഷണമില്ലല്ലോ എന്ന ആശ്വാസത്തിൽ ഇറ്റലിയിൽ നിന്നെത്തിയവരടക്കമുള്ളവർ; ജാഗ്രതാ നിർദേശത്തിനിടെ അറിയിക്കാനുള്ള നമ്പരുകൾ പുറത്തുവിട്ട് ജില്ലാ ആരോഗ്യ വകുപ്പ്

വിദേശത്തു നിന്നെത്തിയാൽ ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന നിർദേശം പാലിക്കാൻ തയ്യാറാകാതെ പ്രവാസികളിൽ പലരും; തനിക്ക് രോഗലക്ഷണമില്ലല്ലോ എന്ന ആശ്വാസത്തിൽ ഇറ്റലിയിൽ നിന്നെത്തിയവരടക്കമുള്ളവർ; ജാഗ്രതാ നിർദേശത്തിനിടെ അറിയിക്കാനുള്ള നമ്പരുകൾ പുറത്തുവിട്ട് ജില്ലാ ആരോഗ്യ വകുപ്പ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ വൈറസ് ബാധയെപ്പറ്റിയുള്ള ഭീതി പടരുന്നതിനിടെ അതീവ ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം. കൊറോണ യാതൊരു വിധത്തിലും ജില്ലയിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശക്തമായ പരിശോധനകളാണ് ആരോഗ്യ വകുപ്പ് അധികൃതർ നടത്തുന്നത്. വിദേശത്തു നിന്നും ആളുകൾ എത്തിയാൽ ഉടൻ തന്നെ, ഇവർ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു.

ഇതിനായി ജില്ലയിൽ കൺട്രോൾ യൂണിറ്റും ജില്ലാ ഭരണകൂടം തുറന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൺട്രോൾ റൂം നമ്പരുകൾ –
0481 2304800, 1077

എന്നാൽ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ ആളുകൾ റിപ്പോർട്ട് ചെയ്യാതിരുന്നത് പല സ്ഥലങ്ങളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നും തോട്ടയ്ക്കാട് എത്തിയ യുവാവ് ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. ലോകത്ത് ഏറ്റവും വേഗത്തിൽ കൊറോണ പടർന്നു പിടിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. ഈ രാജ്യത്തു നിന്നും എത്തിയ യുവാവാണ് തോട്ടയ്ക്കാട് ആരോഗ്യ വകുപ്പിനു റിപ്പോർട്ട് ചെയ്യാതിരുന്നത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇന്നലെ ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് അധികൃതർ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടത്. ഇതോടെയാണ് ഈ യുവാവ് ഇറ്റലിയിൽ നിന്നും എത്തിയതാണെന്നു സ്ഥിരീകരിച്ചത്.തനിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും അസുഖത്തിന്റെ ലക്ഷണങ്ങളില്ലെന്നുമായിരുന്നു ഈ യുവാവ് വാർത്തയോടു പ്രതികരിച്ചു കൊണ്ട്  തേർഡ് ഐ ന്യൂസ് ലൈവിനെ അറിയിച്ചത്. എന്നാൽ, രോഗ ലക്ഷണങ്ങളില്ലെങ്കിൽ പോലും വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ കുറച്ചു ദിവസമെങ്കിലും ജനസമ്പർക്കം ഒഴിവാക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്.

രോഗബാധയുമായി ഇറ്റലിയിൽ നിന്നും എത്തിയ റാന്നി സ്വദേശികൾ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിൽ സഞ്ചരിച്ചതാണ് ആശങ്കയ്ക്കു കാരണമായത്. എന്നാൽ, സ്ഥിതി ഗതികൾ ഗുരുതരമല്ലെന്നും നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. ഭയം ഒഴിവാക്കി കൊറോണയെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ആരോഗ്യ വകുപ്പ് അഭ്യർത്ഥിക്കുന്നു.