അഞ്ച് ദിവസത്തിനിടെ 273 പുതിയ കോവിഡ് രോഗികൾ ; 32 പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെ ; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് സമൂഹ വ്യാപനത്തിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നു. കൂടാതെ സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.
രോഗം സ്ഥിരീകരിക്കുന്നവരിൽ പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും കേരളം സമൂഹ വ്യാപനത്തിലേക്ക് പോകുമോ എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 273 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിൽ തന്നെ 32 പേർക്ക് രോഗം പടർന്നത് സമ്പർക്കത്തിലൂടെയാണ്.
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യപ്രവർത്തകരും പൊലീസുകാരും റിമാൻഡ് പ്രതികളും വരെയുണ്ട്. സംസ്ഥാനത്ത് വീടുകളിലും മറ്റിടങ്ങളിലുമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷവും കവിഞ്ഞു.
കേരളത്തിലേക്കുള്ള പ്രവാസികളുടെ മടങ്ങിവരവ് അവസാനിക്കുന്ന മുറയ്ക്ക് പുതിയ രോഗികളുടെ എണ്ണം കുറയുമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിൽ ഇളവുകളും നൽകിയതോടെ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായി. എല്ലാവരും നിർബന്ധമായയും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം എന്നീ നിയന്ത്രണങ്ങൾ എല്ലാം അയഞ്ഞും തുടങ്ങിയിട്ടുണ്ട്.
ഇതോടെയാണ് പൊലീസിനോട് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ നിർദേശം നൽകിയത്. ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശങ്ങൾ ലംഘിക്കുന്നത് കണ്ടെത്താൻ മിന്നൽ പരിശോധനയും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയും വരും ദിവസങ്ങളിലുണ്ടാകും. കൂടാതെ ഹോം ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ സർക്കാർ കേന്ദ്രങ്ങളിലാക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ സംസ്ഥാനത്തേക്ക് ആളുകൾ വരുന്നത് പ്രതിരോധ സംവിധാനങ്ങളെ സാരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വിലക്ക് ലംഘിച്ച് കൂടുതൽ പേരെ കയറ്റുന്ന വാഹനത്തിന്റെ ഉടമയുടെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.