play-sharp-fill
മകൾ ഭിന്നശേഷിക്കാരി, മരുമകൾക്ക് കാൻസറും…! ലോക് ഡൗണിൽ മകന്റെ വരുമാനവും നിലച്ചിട്ടും ക്ഷേമ പെൻഷനിൽ നിന്നും കിട്ടിയതിൽ സത്യശീലൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് 5000 രൂപ ; ഏവർക്കും മാതൃകയാവുന്ന സംഭവം കോഴിക്കോട്

മകൾ ഭിന്നശേഷിക്കാരി, മരുമകൾക്ക് കാൻസറും…! ലോക് ഡൗണിൽ മകന്റെ വരുമാനവും നിലച്ചിട്ടും ക്ഷേമ പെൻഷനിൽ നിന്നും കിട്ടിയതിൽ സത്യശീലൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് 5000 രൂപ ; ഏവർക്കും മാതൃകയാവുന്ന സംഭവം കോഴിക്കോട്

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സഹായ ഹസ്തവുമായി എത്തുന്നത്. പലരും തനിക്ക് കിട്ടുന്ന ക്ഷേമ നിധി പെൻഷനിൽ നിന്നു വരെ തന്നാൽ കഴിയുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നത്.

ഇത്തരത്തിൽ മാതൃകയായിരിക്കുകയാണ് കോഴിക്കോട് ചാലിയം സ്വദേശി സത്യശീലൻ. മകൾ ഭിന്നശേഷിക്കാരി, മരുമകൾക്ക് കാൻസറും, ലോക്ക് ഡൗണിൽ മകന്റെ വരുമാനവും നിലച്ചു. എന്നാൽ ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പെൻഷനിൽ നിന്ന് 10,500 രൂപ കൈയിൽ കിട്ടിയപ്പോൾ അതിൽ 5000 രൂപ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് 79കാരനായ മോസസ് സത്യശീലൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം മുൻപ് ബേപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ എത്തിയാണ് സത്യശീലൻ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറിയത്. കഴിഞ്ഞ ദിവസം പൊരിവെയിലത്ത് സ്റ്റേഷനിലേക്ക് നടന്നുവന്ന് പണം നൽകാൻ ഒരുങ്ങുന്നുവെന്ന് അറിഞ്ഞ സ്റ്റേഷൻ അധികൃതർ ഇദ്ദേഹത്തെ ചാലിയത്തെ വീട്ടിലെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ കെയു സലീഷ്‌കുമാർ ആണ് സത്യശീലനെ കുറിച്ചും അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ പ്രവർത്തിയും വാക്കുകളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

കെ.യു സലീഷ്‌കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

പെൻഷൻ കിട്ടിയ 10500 രൂപയിൽ നിന്നും 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സന്നദ്ധനായി 79 വയസ്സ് പ്രായമുള്ള ഒരാൾ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വന്നിരുന്നുവെന്ന് ടക സാർ പറഞ്ഞതു മുതൽ അദ്ദേഹത്തെ കാണാനുള്ള ആകാംക്ഷയായിരുന്നു.. പെട്രോളിംഗിനിടെ ഉച്ചയോടെ സാറിന്റെ ഫോണിൽ അദ്ദേഹത്തിന്റെ വിളി വന്നു, പണവുമായി സ്റ്റേഷനിലേക്ക് പുറപ്പെടുന്നുവെന്നും പറഞ്ഞു കൊണ്ട്… ഇത്രയും പ്രായമുള്ള ഒരാളെ കത്തുന്ന വെയിലിൽ നടത്തിക്കുന്നത് ഉചിതമല്ലെന്നു തോന്നിയ ഞങ്ങൾ പൊലീസ് വാഹനവുമായി അങ്ങോട്ടേക്ക് പോയി.. ഞങ്ങളവിടെ എത്തുമ്പോൾ വെയിലിനെ പോലും വകവെക്കാതെ റോഡരികിൽ അദ്ദേഹം നിൽക്കുന്നുണ്ടായിരുന്നു.

പൊലീസ് വണ്ടിയിലേക്ക് അയാളെ കയറ്റുമ്പോഴേക്കും കരഞ്ഞുകൊണ്ട് ഭാര്യയും കൂടെ മകനും അവിടേക്ക് ഓടി വന്നു. അപ്പോഴാണ് ഈ കാര്യം വീട്ടിൽ അറിഞ്ഞിട്ടില്ലെന്ന് ഞങ്ങൾക്ക് മനസിലായത്. ടക സാർ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ആ കുടുംബം പൂർണ്ണ സമ്മതം അറിയിക്കുകയും മകനും ഞങ്ങളുടെ കൂടെ സ്റ്റേഷനിലേക്ക് വരാൻ തയ്യാറാകുകയും ചെയ്തു.

മകനോട് സംസാരിച്ചപ്പോഴാണ് ആ കുടുംബത്തെപ്പറ്റി കൂടുതൽ അറിഞ്ഞത്.. ബൈപാസ് സർജറി കഴിഞ്ഞതാണ് ആ മനുഷ്യൻ.. ബുദ്ധിമാന്ദ്യമുള്ള ഒരു മകൾ വീട്ടിലുണ്ട്.. ഒരു ക്യാൻസർ രോഗിയും ആ വീട്ടിലുണ്ട്.. ഇങ്ങനെയുള്ള ഒരവസ്ഥയിലും ഇതിനു തയ്യാറായ അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ ഇത് പബ്ലിസിറ്റിക്കല്ല സാർ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയെങ്കിലും ഒടുവിൽ ഞങ്ങളുടെ ആഗ്രഹത്തിനു വഴങ്ങിത്തന്നു.

.ഈ നാട് ഒരു വലിയ ദുരന്തത്തെ നേരിടുമ്പോൾ സർക്കാർ മുന്നിലുണ്ടെന്ന് തെളിയിച്ചു കൊണ്ട് ഇതു പോലെ പതിനായിരങ്ങളുടെ വിശ്വാസമായി മാറിയ മുഖ്യമന്ത്രിയുടെ പേരിൽ, ഈ നാടിന്റെ പേരിൽ.. 5000 രൂപയ്ക്ക് 5 കോടിയുടെ മൂല്യമുണ്ടെന്ന് തെളിയിച്ച ‘മോസസ് സത്യശീലൻ പിള്ളയ്ക്ക് മനസ്സു കൊണ്ടൊരു Salute