കോട്ടയം കൊറോണ വിമുക്ത ജില്ല: കൊറോണ ബാധിതർ എല്ലാം നെഗറ്റീവ്; മെഡിക്കൽ കോളജിലെ നഴ്‌സിന്റെ രോഗവും ഭേദമായി
തേർഡ് ഐ ന്യൂസ് ബ്യൂറോ
കോട്ടയം: ഒരുമാസത്തിലേറെയായി കൊറോണ വൈറസ് ഭീതിയുടെ നിഴലിലായിരുന്ന കോട്ടയം കൊറോണ വൈറസ് വിമുക്തമായി. ജില്ലയിൽ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ്. വൃദ്ധ ദമ്പതികളും ആരോഗ്യ പ്രവർത്തകയുടെയും രോഗം ഭേദമായി. മെഡിക്കൽ കോളജിലെ നഴ്‌സും രോഗ വിമുക്തയായി. ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോട്ടയത്ത് വൈറസ് ബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്നവർ രോഗ വിമുക്തരായ എന്ന വാർത്ത വളരെയധികം ആശ്വാസം പകരുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട റാന്നി സ്വദേശികളായ 93 വയസുകാരായ ദമ്പതിമാർ കഴിഞ്ഞ ദിവസം രോഗ വിമുക്തി നേടിയിരുന്നു. ഇവരെ വെള്ളിയാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ഇറ്റലിയിൽ നിന്നെത്തിയ ഇവരുടെ റാന്നി സ്വദേശികളായ ബന്ധുക്കളിൽ നിന്നാണ് ഇവർക്ക് രോഗം ലഭിച്ചത്.
അതേസമയം ജില്ലയിൽ 3304 പേരാണ് ഹോം ക്വാറന്റൈയിനിൽ കഴിയുന്നത്. വ്യാഴാഴ്ച മാത്രം 22 പേർക്കാണ് ഹോം ക്വാറന്റൈയിൻ നിർദ്ദേശം നൽകിയിരുന്നത്.
സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം ഒരു ഗർഭിണിയടക്കം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാസർഗോഡ് എട്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കൊല്ലത്ത് രണ്ടു പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക്. ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞു വരികെയായിരുന്നു.