
സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കോവിഡ് 19 : കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് 3 പേർക്ക് ; 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 27 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 14 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 13 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 8 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 2 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ 73 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ. 42, കുവൈറ്റ് 15, ഒമാൻ 5, റഷ്യ 4, നൈജീരിയ 3, സൗദി അറേബ്യ 2, ഇറ്റലി 1, ജോർദാൻ 1) 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര6, തമിഴ്‌നാട്6, ഡൽഹി2, കർണാടക1) വന്നതാണ്. തൃശൂർ ജില്ലയിലെ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂർ ജില്ലയിലെ 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം സ്ഥിരികരിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. മെയ് 16ന് മാലിദ്വീപിൽ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടർന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടർന്ന് വെന്റിലേറ്ററിലുമായിരുന്ന ഇദ്ദേഹം ഇന്നുച്ചയ്ക്ക് 1 മണിക്ക് ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമടഞ്ഞത്. ഇതോടെ 16 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂർ (കാസർഗോഡ് സ്വദേശികൾ) ജില്ലകളിൽ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 814 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
എയർപോർട്ട് വഴി 49,065 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,23,029 പേരും റെയിൽവേ വഴി 19,648 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,93,363 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,078 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,95,307 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1771 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 211 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3827 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 85,676 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 82,362 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 22,357 സാമ്പിളുകൾ ശേഖരിച്ചതിൽ 21,110 സാമ്പിളുകൾ നെഗറ്റീവ് ആയി. 5,923 റിപ്പീറ്റ് സാമ്പിൾ ഉൾപ്പെടെ ആകെ 1,13,956 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഷൊർണൂർ, മലപ്പുറം ജില്ലയിലെ മൂർക്കനാട്, കുറുവ, കൽപ്പകഞ്ചേരി, എടപ്പാൾ, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ നിലവിൽ ആകെ 150 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.