play-sharp-fill
കോപ്പ അമേരിക്ക ചരിത്ര സെമി: ആദ്യ പകുതിയിൽ ബ്രസീൽ ഒരു ഗോളിനു മുന്നിൽ

കോപ്പ അമേരിക്ക ചരിത്ര സെമി: ആദ്യ പകുതിയിൽ ബ്രസീൽ ഒരു ഗോളിനു മുന്നിൽ

സ്‌പോട്‌സ് ഡെസ്‌ക്

ബലെഹൊറിസോണ്ടേ: 19-ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസ് നേടിയ ഒരു ഗോളിന്റെ ബലത്തിൽ ചരിത്രപ്പോരാട്ടത്തിൽ അർജന്റീനയെ പിൻതള്ളി കോപ്പ അമേരിക്കയുടെ ആദ്യ സെമിയിൽ ബ്രസീൽ മുന്നിൽ. ഒപ്പത്തിനൊപ്പം നടക്കുന്ന പോരാട്ടത്തിൽ ഇരുടീമുകളും പല തവണ ഗോൾ മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയാണ്. മെസി തീർത്തും നിരാശപ്പെടുത്തിയ മത്സരത്തിൽ അൽപം മേധാവിത്വം ആദ്യപകുതിയിൽ ലഭിച്ചിരിക്കുന്നത് ബ്രസീലിനാണ്.
രണ്ടു തവണ ആദ്യ പകുതിയിൽ ബ്രസീൽ ഗോൾ മുഖത്തെ ലക്ഷ്യം വച്ചപ്പോൾ ഒരു തവണ ഇത് ഗോളായി. അർജന്റീനയാകട്ടെ ആറു തവണയാണ് ഗോൾ മുഖത്തേയ്ക്ക് ഷോട്ട് ഉതിർത്തത്. ഇത് പക്ഷേ, അലിസണ്ണിന്റെ രക്ഷാപ്രവർത്തനത്തിൽ തട്ടി തകർന്നു. 50.2 ശതമാനം പന്ത് കൈവശം വച്ചു കളിച്ചെങ്കിലും അർജന്റീനയ്ക്ക് പക്ഷേ, ഈ മേധാവിത്വം പോസ്റ്റിനുളളിലേയ്ക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. രണ്ടു പത്തൊൻപതാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്നും ആരംഭിച്ച മുന്നേറ്റം ഗോൾ മുഖത്ത് പാസായി സ്വീകരിച്ച ഗബ്രിയേൽ ജിസ്യൂസ് മനോഹരമായ ടച്ചോടെ ഗോളാക്കി മാറ്റുകയായിരുന്നു. ഈ ഒറ്റ പിഴവ് മാത്രമാണ് കളിയിൽ അർജന്റീന പ്രതിരോധത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പക്ഷേ, ഈ പിഴവിന് ഗോൾ എന്ന വലിയ വിലയാണ് അർജന്റീനയ്ക്ക് നൽകേണ്ടി വന്നത്. രണ്ടു കോർണർ കിക്കുകൾ ബ്രസീലിനു ലഭിച്ചപ്പോൾ അർജന്റീനയ്ക്ക് ഒന്നു മാത്രമാണ് ഇതുവരെ ലഭിച്ചത്.
ഒരു തവണ അഗ്യൂറോയുടെ ഷോട്ട് ബാറിൽ ഇടിച്ചു മടങ്ങുകയും, പജേറോയുടെ ഷോട്ട് അഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേയ്ക്കു പറക്കുകയും ചെയ്തതോടെ മെസിപ്പടയുടെ ദൗർഭാഗ്യവും ആരംഭിച്ചു. രണ്ടാം പകുതിയിൽ അർജന്റിന കളിയോട് സ്വീകരിക്കുന്ന സമീപനമാകും ഇനി നിർണ്ണായകമാകുക.