കൂളിംങ് ഗ്ലാസിൽ കൂളായി കേരള പൊലീസ്..! കൊറോണ ദുരിതാശ്വാസത്തിനായി പൊരിവെയിലിൽ നിൽക്കുന്ന പൊലീസുകാരെ കൂളാക്കാൻ ഒപ്റ്റിക്കൽ അസോസിയേഷൻ വക കൂളിംഗ്ലാസുകൾ
തേർഡ് ഐ ബ്യൂറോ
കോ്ട്ടയം: കൊറോണക്കാലത്ത് തെരുവിലിറങ്ങി പൊരിവെയിലിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂളാക്കാൻ കൂളിംങ് ഗ്ലാസുമായി കേരള ഒപ്റ്റിക്കൽ അസോസിയേഷൻ.
എ.കെ.ഒ.എ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നഗരത്തിൽ ജോലി ചെയ്യുന്ന നൂറ്റമ്പതോളം പൊലീസ് ഉദ്യോഗസ്ഥർക്ക് കൂളിംങ് ഗ്ലാസുകൾ വിതരണം ചെയ്തത്.
കോട്ടയം ഗാന്ധി സ്‌ക്വയറിൽ വച്ചാണ് സൺ ഗ്ലാസുകൾ വിതരണം ചെയ്തത്. നഗരത്തിൽ വെയിലിൽ ജോലി ചെയ്യുന്ന നൂറ്റമ്പതോളം ഉദ്യോഗസ്ഥർക്കു ഗ്ലാസുകൾ നൽകി. കൊറോണ കാലത്തു ജനങ്ങളുടെ സംരക്ഷണത്തിനായി
വെയിലു കൊണ്ട് ജോലി ചെയ്യുന്ന പോലീസ് സേനയോടുള്ള നന്ദി സൂചകമായാണ് ഒപ്റ്റിക്കൽ അസോസിയേഷൻ കണ്ണടകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വായും മൂക്കും മൂടിയെങ്കിലും കണ്ണിലൂടെയും, കണ്ണു തിരുമുന്നത് വഴിയും കൊറോണ വൈറസ് പടരാൻ സാധ്യതയുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് എല്ലാവരും കണ്ണട വച്ചു മാത്രം പുറത്തിറങ്ങുന്നതായിരിക്കും ഉചിതമെന്ന സന്ദേശവുമായി അസോസിയേഷൻ കണ്ണടകൾ വിതരണം ചെയ്തത്.
തിരുനക്കര മൈതാനത്തിനു സമീപത്തു സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവന്റെ സാന്നിധ്യത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കൂളിംങ് ഗ്ലാസുകൾ ഏറ്റുവാങ്ങി.
അസോസിയേഷൻ പ്രസിഡന്റും ആൽഫാ ഒപ്റ്റിക്കൽസ് ഉടമയുമായ ജോബോ കോര തോമസ്, സെക്രട്ടറിയും റോസ് ഒപ്റ്റിക്കൽസ് ഉടമയുമായ ബെന്നി കാക്കനാട്ട്, അലീൻ ഹാബർ ഒപ്റ്റിക്കൽസ് ഉടമയും വൈസ് പ്രസിഡന്റുമായ റഷീദ്, പാറയ്ക്കൽ ഒപ്റ്റിക്കൽസ് ഉടമയും ജോ.സെക്രട്ടറിയുമായ അനി പാറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കണ്ണടകൾ വിതരണം ചെയ്തത്.