video
play-sharp-fill

കോൺഗ്രസിന് രാഹുലിനോട് അതൃപ്തിയോ? തോൽവി ചർച്ച ചെയ്യാൻ എഐസിസി യോഗം നാളെ

കോൺഗ്രസിന് രാഹുലിനോട് അതൃപ്തിയോ? തോൽവി ചർച്ച ചെയ്യാൻ എഐസിസി യോഗം നാളെ

Spread the love

സ്വന്തംലേഖകൻ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ് വാങ്ങിയ കനത്ത തോൽവി ചർച്ച ചെയ്യാൻ എഐസിസി നേതൃയോഗം നാളെ ദില്ലിയിൽ ചേരും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം ചേരുന്നത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താൻ അധ്യക്ഷ പദവി രാജി വയ്ക്കാൻ തയ്യാറാണെന്ന് രാഹുൽ മുതിർന്ന നേതാക്കളെ അറിയിച്ചെന്നാണ് സൂചന. എന്നാൽ മുതിർന്ന നേതാക്കൾ ഇത് തടഞ്ഞു.ഏതായാലും പ്രവർത്തക സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്നും അതുവരെ കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്നും രാഹുലിനോട് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതീക്ഷിച്ച ഒരിടത്തും വിജയം ലഭിച്ചില്ല. കടുത്ത നിരാശയിലാണ് രാഹുൽ ഗാന്ധി. രാജി സന്നദ്ധത രാഹുൽ ഗാന്ധി സോണിയാ ഗാന്ധിയെ അറിയിച്ചു. ഈ ഘട്ടത്തിൽ രാജി വയ്ക്കുന്നത് ഉചിതമാകില്ലെന്നും ഇത് താഴേത്തട്ടിലേക്ക് നല്ല സന്ദേശം നൽകില്ലെന്നും സോണിയ രാഹുലിനോട് പറഞ്ഞെന്നാണ് സൂചന. ഇതിനിടെ, രണ്ട് കോൺഗ്രസ് അധ്യക്ഷൻമാർ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കുന്നതായി രാഹുൽ ഗാന്ധിക്ക് കത്ത് നൽകി. യുപി കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബറും ഒഡിഷ പിസിസി അധ്യക്ഷൻ നിരഞ്ജൻ പട്‌നായികും. കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ചു. യുപിയിൽ 80-ൽ 62 സീറ്റുകൾ നേടി ബിജെപി മികച്ച വിജയം നേടിയിരുന്നു. അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സീറ്റിൽപ്പോലും വിജയം നൽകാനാകാത്തതിൽ തൻറെ കൂടി പ്രവർത്തനത്തിൻറെ വീഴ്ചയുണ്ടെന്ന് കാണിച്ചാണ് രാജ് ബബ്ബറിൻറെ രാജി. എസ്പിക്ക് ഇവിടെ അഞ്ച് സീറ്റുകളും ബിഎസ്പിക്ക് 9 സീറ്റുകളും മാത്രമാണ് കിട്ടിയത്. മഹാസഖ്യവും അങ്ങനെ ബിജെപിക്ക് മുന്നിൽ തകർന്നടിഞ്ഞു. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാലേമുക്കാൽ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അതേസമയം, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടന്ന ഒഡിഷയിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോൺഗ്രസ് പിഴുതെറിയപ്പെട്ടു. ആകെ കിട്ടിയത് 52 സീറ്റ് മാത്രമാണ്. ഗാന്ധി കുടുംബം ഒരിക്കൽ പോലും തോറ്റിട്ടില്ലാത്ത അമേഠി പോലും കൈവിട്ടു. വയനാട്ടിൽ മത്സരിച്ചതു കൊണ്ട് മാത്രം ലോക്‌സഭയിലെത്താമെന്ന ഗതികേടാണ് രാഹുലിന് പോലും.രാഹുലിൻറെ നേതൃത്വത്തിന് ഭീഷണിയുയർന്നില്ലെങ്കിൽപ്പോലും രാഹുലിൻറെ ടീമിനെതിരെ കടുത്ത അതൃപ്തിയുണ്ട് കോൺഗ്രസിനകത്ത് എന്നാണ് സൂചന. യുവാക്കൾക്കിടയിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ രാഹുലിന് കഴിഞ്ഞില്ലെന്ന് ഒരു വിഭാഗം നേതാക്കൾക്ക് ആരോപണമുണ്ട്. പ്രകടനപത്രികയിൽപ്പോലും അഫ്‌സ്പ റദ്ദാക്കുമെന്നതടക്കമുള്ളതിനാണ് രാഹുലിൻറെ ടീം പ്രാധാന്യം നൽകിയത്. തീവ്ര ദേശീയത ഉയർത്തിയുള്ള മോദിയുടെ പ്രചാരണത്തിന് ബദൽ രൂപീകരിക്കാൻ രാഹുലിൻറെ ടീമിന് കഴിഞ്ഞതുമില്ല. നരേന്ദ്രമോദിയെ പ്രചാരണത്തിൻറെ എതിർവശത്ത് നിർത്തി, ചൗകീദാർ ചോർ ഹേ എന്ന മുദ്രാവാക്യം ഉയർത്തിയത് ശരിയായില്ലെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു. ഇനി എന്ത് വേണമെന്ന കാര്യം ചർച്ച ചെയ്യണമെന്നും പാർട്ടിക്കകത്ത് തന്നെ ആവശ്യമുയരുന്നുണ്ട്.