
നേതൃനിര പൊളിച്ചെഴുതാനൊരുങ്ങി കോണ്‍ഗ്രസ്; പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് നേതാക്കള്‍ പറയണം; പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തേക്കും; തിരിച്ചടിയില്‍ നിന്നും പാഠം പഠിക്കാതെ പാര്‍ട്ടിക്കു മുന്നോട്ടുപോവാനാവില്ല; നിലപാട് വ്യക്തമാക്കി സോണിയാ ഗാന്ധി
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: നേതൃനിരയില്‍ പൊളിച്ചെഴുത്തിനൊരുങ്ങി കോണ്‍ഗ്രസ്. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് നേതൃമാറ്റം കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്നത്.
‘നമുക്കുണ്ടായ തിരിച്ചടികള്‍ പരിശോധിക്കുന്നതിനൊപ്പം നമ്മുടെ വീട് ക്രമീകരിക്കേണ്ടതുണ്ട്. തോല്‍വിക്കുള്ള കാരണമാണ് ആദ്യം തിരിച്ചറിയേണ്ടത്’- സോണിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചടിയില്‍നിന്നു പാഠം പഠിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനു ശരിയായ ദിശയില്‍ മുന്നോട്ടുപോവാനാവില്ലെന്ന് സോണിയ പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. എത്രയും പെട്ടെന്നു സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സോണിയ പറഞ്ഞു.
പ്രവര്‍ത്തക സമിതിയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കും.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തോല്‍വിയുടെ കാരണം സൂക്ഷ്മമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടു.
ജൂണ്‍ 23-ന് പുതിയ അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഏഴിനകം നാമനിര്‍ദ്ദേശം നല്‍കാം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനു ശേഷം കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റില്ല.
നേതാക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് സോണിയ ഗാന്ധി താത്കാലികമായി ചുതമല വഹിച്ചുവരികയാണ്. സ്ഥിരം പ്രസിഡന്റ് വേണമെന്ന ഒരു വിഭാഗം നേതാക്കളുടെ മുറവിളിക്കിടെയാണ് ജൂണ്‍ 23ന് തെരഞ്ഞെടുപ്പു നടക്കാന്‍ നീക്കമുണ്ടായത്.
അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തമിഴ്നാട്ടില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ ഭാഗമായി.