കെ.പി.സി.സി., ഡി.സി.സി. തലങ്ങളില്‍ അഴിച്ചുപണി ; കോട്ടയമടക്കമുള്ള ജില്ലകളില്‍ അസ്വാരസ്യങ്ങൾ ; പരാതികൾ വിമർശനങ്ങൾ ; തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരിടാൻ നിലവിലെ സംവിധാനം മതിയാകില്ലെന്ന നിലപാടിൽ കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ കെ.പി.സി.സി., ഡി.സി.സി. തലങ്ങളില്‍ അഴിച്ചുപണി വേണമെന്ന് കോണ്‍ഗ്രസില്‍ മുറവിളി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരിടാൻ നിലവിലെ സംവിധാനം മതിയാകില്ലെന്ന നിലപാടിലാണ് പ്രബല വിഭാഗം. കെ.പി.സി.സി. തലപ്പത്തും ഒൻപത്-10 ഡി.സി.സി.കളിലും മാറ്റംവേണമെന്ന് ഇവർ വാദിക്കുന്നു. ദേശീയതലത്തിലെ തിരഞ്ഞെടുപ്പുഫലം പുതിയ കെ.പി.സി.‌സി. പ്രസിഡന്റ് നിയമനത്തെ സ്വാധീനിക്കും.

എന്നാല്‍, ഫലമെന്തായാലും ഡി.സി.സി.തലത്തില്‍ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. തെക്കൻ ജില്ലകളില്‍ ഡി.സി.സി.തലപ്പത്ത് പൂർണമായി മാറ്റമുണ്ടായേക്കും. പ്രായം, പ്രവർത്തനമികവ്, സാമുദായിക സമവാക്യം എന്നിവ പരിഗണിക്കാതെയാണ് കഴിഞ്ഞതവണ ഡി.സി.സി. പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് വിമർശനമുണ്ട്. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക്‌ മുൻതൂക്കമുള്ള കോട്ടയമടക്കമുള്ള ജില്ലകളില്‍ ഇതുണ്ടാക്കിയ അസ്വാരസ്യം ചെറുതല്ല. പ്രസിഡന്റുമാർ നിർജീവമായ ചില ജില്ലകളില്‍ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങള്‍ താറുമാറായതായി വിമർശനമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം ചേർന്ന കെ.പി.സി.സി. തിരഞ്ഞെടുപ്പ് അവലോകന യോഗം, എല്ലാ മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ചെങ്കിലും സംഘടനാവീഴ്ച നേതാക്കളെല്ലാം ചൂണ്ടിക്കാട്ടി. എല്ലാ സീറ്റിലും വിജയിച്ചാലും അഴിച്ചുപണി വേണമെന്ന വികാരം ചർച്ചയിലുണ്ടായി. ‘ഉറങ്ങാൻ കള്ള് വേറെ കുടിക്കണം’ എന്നാണ് എം.കെ.രാഘവൻ പറഞ്ഞത്. തൃശ്ശൂരില്‍ ഇരുനൂറോളം ബൂത്തുകളില്‍ പ്രവർത്തനം ഉണ്ടായിരുന്നില്ലെന്ന് കെ.മുരളീധരനും തുറന്നടിച്ചു.

20 ലോക്‌സഭാ മണ്ഡലങ്ങളിലും 25 മുതല്‍ 50 വരെ ബൂത്തുകള്‍ കാര്യക്ഷമമല്ലായിരുന്നു, സർക്കാർവിരുദ്ധ വികാരമുണ്ടായിരുന്ന വോട്ടർമാരെ ബൂത്തുകളില്‍ എത്തിക്കാനായില്ല തുടങ്ങിയ വിമർശനങ്ങളുമുണ്ടായി. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്, നേതൃമാറ്റത്തിനുള്ള ആവശ്യത്തിലേക്കാണ്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആദ്യാവസാനം യോഗത്തില്‍ പങ്കെടുത്തതിനാലാണ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച്‌ പരസ്യമായ ചർച്ച നടക്കാതിരുന്നത്. താത്കാലിക പ്രസിഡന്റായ എം.എം.ഹസൻ, ചുമതല കെ.സുധാകരന് കൈമാറുന്നതിനെപ്പറ്റി, വരുംദിവസങ്ങളില്‍ പരസ്യ പ്രതികരണങ്ങളുണ്ടാകാനാണ് സാധ്യത.