വീണ്ടും കോൺഗ്രസ്സിന് തിരിച്ചടി ; ഹരിയാന മുൻ കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ അശോക് തൻവാർ  പാർട്ടിയിൽ നിന്നും രാജിവെച്ചു

വീണ്ടും കോൺഗ്രസ്സിന് തിരിച്ചടി ; ഹരിയാന മുൻ കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ അശോക് തൻവാർ പാർട്ടിയിൽ നിന്നും രാജിവെച്ചു

 

സ്വന്തം ലേഖിക

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ ഹരിയാന കോൺഗ്രസിന് കനത്ത തിരിച്ചടി. ഹരിയാന മുൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അശോക് തൻവാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ കടുത്ത ആന്തരിക വൈരുദ്ധ്യങ്ങൾ അനുഭവിക്കുകയാണെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തിൽ അശോക് തൻവാർ ചൂണ്ടിക്കാട്ടുന്നു. രാജിവെച്ച വിവരം ട്വിറ്ററിലൂടെയാണ് തൻവാർ അറിയിച്ചത്.

‘ ഇപ്പോൾ കോൺഗ്രസ് വലിയ അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. രാഷ്ട്രീയ എതിരാളികൾ മൂലമല്ല ഇത്. മറിച്ച്, ഗുരുതരമായ ആന്തരിക വൈരുദ്ധ്യങ്ങളാണ് പാർട്ടി അനുഭവിക്കുന്നത്. ഏറെ മാസങ്ങളായുള്ള ആലോചനകൾക്കു ശേഷമാണ് എന്റെ വിയർപ്പും രക്തവും കൊണ്ട് വളർത്തിയ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവക്കാൻ തീരുമാനിച്ചത്. തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നാലു പേജുള്ള രാജിക്കത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ തൻവാർ രാജിവെച്ചത് കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പണം നൽകിയാണ് സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകുന്നതെന്ന് ആരോപിച്ച് അശോക് തൻവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം, നേരത്തെ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു.

സ്ഥാനാർത്ഥി നിർണയത്തിൽ സുതാര്യതയില്ലെന്നും സ്വന്തക്കാർക്ക് മാത്രമാണ് ടിക്കറ്റ് നൽകുന്നതെന്നും സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകുന്നത് അഞ്ച് കോടി രൂപക്കാണെന്നും ആരോപിച്ചാണ് തൻവാർ പ്രതിഷേധിച്ചത്. ഹരിയാനയുടെ ചുമതലയുള്ള ഗുലാംനബി ആസാദ് റോബോർട്ട് വദ്രക്ക് വേണ്ടി സീറ്റ് വിറ്റുവെന്ന ഗുരുതര ആരോപണമാണ് അശോക് തൻവാർ ഉന്നയിച്ചത്.

ബിജെപിയല്ല കോൺഗ്രസ് നേതാക്കൾ തന്നെയാണ് പാർട്ടിയെ തകർക്കുന്നതെന്നും തൻവാർ പറഞ്ഞിരുന്നു.
ബിജെപിയിൽ പോകുമെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളി. ബിജെപി തന്നെ ക്ഷണിച്ചെങ്കിലും താൻ ഒരിക്കലും അവരുടെ പാളയത്തിൽ പോകില്ലെന്നും തൻവാർ പറഞ്ഞിരുന്നു.

ഹരിയാനയിലെ 90 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് അനുയായികളുമായി ദേശീയ നേതൃത്വത്തിന് മുന്നിൽ പ്രതിഷേധിക്കാൻ അശോക് തൻവാർ എത്തിയത്.

പാർട്ടിയിലെ ഉന്നതനും, മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയുമായി അശോക് തൻവാർ ഏറെക്കാലമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും പാർട്ടി തോറ്റതോടെ അശോക് തൻവാറിനെ പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അശോക് തൻവാർ പുറത്തായിരുന്നു. പിന്നാലെയാണ് യുദ്ധ പ്രഖ്യാപനവുമായി അശോക് തൻവാർ രംഗത്തെത്തിയത്.തൻവാറിന് പകരം കുമാരി ഷെല്ജകയെയാണ് അധ്യക്ഷയായി തെരഞ്ഞെടുത്തത്. ഭൂപീന്ദർ സിംഗ് ഹൂഡയെ നിയമസഭ കക്ഷി നേതാവായും തെരഞ്ഞെടുത്തു.