
ന്യൂഡല്‍ഹി: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ഉയർത്തിയ വെല്ലുവിളിയെ അതേ നാണയത്തില്‍ നേരിടാൻ കോണ്‍ഗ്രസിന്റെ തീരുമാനം.
തൃശ്ശൂർ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത നീക്കവുമായി രംഗത്തുവന്നു. നിലവില്‍ മണ്ഡലത്തില്‍ സജീവമായ ടി എൻ പ്രതാപനം പകരം കെ മുരളീധരനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
അപ്രതീക്ഷിതമായ ഈ നീക്കത്തിലൂടെ ബിജെപിക്ക് തന്നെ തിരിച്ചടി കൊടുക്കുകയാണ് കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തില്‍ കെ മുരളീധരനാണ് തൃശ്ശൂരിലെ മികച്ച സ്ഥാനാർത്ഥിയെന്നാണ് വിലയിരുത്തല്‍. ടി എൻ പ്രതാപനെ തന്നെ കളത്തില്‍ ഇറക്കിയാല്‍ അത് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ഇതോടെയാണ് ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചതില്‍ നിർണായക റോള്‍ വഹിച്ച മുരളീധരനെ പൂരത്തിന്റെനാട്ടില്‍ മത്സരിക്കാൻ ഇറക്കാൻ തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വടകര എംപിയായ കെ മുരളീധരൻ മണ്ഡലം മാറുമ്പോള്‍ പകരം ഷാഫി പറമ്പില്‍ മത്സരിക്കാനെത്തും. കെ കെ ശൈലജ നേരിടുന്ന വെല്ലുവിളിയെ നേരിടാൻ ഷാഫിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയില്‍ വമ്പൻ സർപ്രൈസ് വരുന്നത്.
ഷാഫി മത്സരിക്കാത്ത പക്ഷം ടി സിദ്ദിഖിന്റെ പേരും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
പത്മജ ബിജെപിയിലേക്ക് പോയ സാഹചര്യത്തില്‍ കരുണാകരന്റെ തട്ടകമായ തൃശൂർ പിടിക്കാൻ മുരളീധരൻ ഇറങ്ങണമെന്ന അഭിപ്രായം പാർട്ടിയില്‍ ശക്തമാണ്. അതുകൊണ്ടുതന്നെ കെ മുരളീധരനാകും തൃശൂരിലെ കോണ്‍ഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥി.
സിറ്റിങ് എം പിയായ ടി എൻ പ്രതാപന് നിയമസഭ സീറ്റ് എന്ന ഫോർമുലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
മുരളിയുടെ സീറ്റ് മാറ്റം മുന്നോട്ട് വെച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. സർപ്രൈസ് ലിസ്റ്റ് ഇറക്കാതെ ഇനി മുന്നോട് പോകാൻ ആകില്ലെന്ന നിലയിലേക്ക് ചർച്ചകള്‍ എത്തിയെന്നാണ് വ്യക്തമാകുന്നത്. ബിജെപി പ്രതീക്ഷ വെക്കുന്ന സീറ്റില്‍ മുരളി വരട്ടെ എന്ന ചർച്ചയാണ് തൃശൂരിലേക്കുള്ള മാറ്റത്തിന്റെ കാരണം. നേതാക്കള്‍ മുരളിയും പ്രതാപനുമായി സംസാരിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഇന്നുണ്ടാകാനാണ് സാധ്യത. മുരളീധരനും ഈ വിഷയത്തില്‍ സമ്മതം മുളിയെന്നാണ് റിപ്പോർട്ടുകഖള്‍.



