വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്‍ ചിത്രത്തിന് മുന്നില്‍ പോസ് ചെയ്തു; അവഹേളനമെന്ന് ആരോപണം; ഗംഗാജലം തളിച്ച് വേദി ശുദ്ധീകരിച്ച് കോണ്‍ഗ്രസ്
സ്വന്തം ലേഖകൻ
മധ്യപ്രദേശ്: ബിജെപി സംഘടിപ്പിച്ച ബോഡിബില്‍ഡിംഗ് മത്സരത്തിന്റെ വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാ ജലം ഉപയോഗിച്ച് ശുദ്ധീകരിച്ചു.വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്റെ ചിത്രത്തിന് മുന്നിലാണ് പോസ് ചെയ്തതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാജലം തളിച്ചതും ഹനുമാന്‍ ചാലിസ ആലപിച്ചതും.മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം.
നിത്യ ബ്രഹ്മചാരിയായ ഹനുമാനോടുള്ള അവഹേളനമാണ് വനിതാ ബോഡി ബില്‍ഡര്‍മാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 13-ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിംഗ് മത്സരം മാര്‍ച്ച് 4, 5 തീയതികളിലായാണ് നടന്നത്.പരിപാടിക്കിടെ വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്റെ ചിത്രത്തിന് മുന്നില്‍ പോസ് ചെയ്തു. ഈ സംഭവമാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി മേയര്‍ പ്രഹ്ലാദ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘാടക സമിതി.നിയമസഭാംഗം ചൈതന്യ കശ്യപാണ് രക്ഷാധികാരി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ പരാസ് സക്ലേച രംഗത്തെത്തി. അനാചാരമാണ് കാണിക്കുന്നതെന്നും ഇത് ചെയ്തവരെ ഹനുമാന്‍ ശിക്ഷിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മായങ്ക് ജാട്ട് പറഞ്ഞു.
സ്ത്രീകള്‍ കായികരംഗത്ത് മികവ് പുലര്‍ത്തുന്നത് കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്ന് ബിജെപി വക്താവ് ഹിതേഷ് ബാജ്‌പേയ് തിരിച്ചടിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംഘാടകരില്‍ ചിലര്‍ പൊലീസിന് പരാതി നല്‍കി.
സ്ത്രീകള്‍ ഗുസ്തിയിലോ ജിംനാസ്റ്റിക്സിലോ നീന്തലിലോ പങ്കെടുക്കുന്നത് കോണ്‍ഗ്രസുകാര്‍ക്ക് ഇഷ്ടമില്ല. അവര്‍ കായിക രംഗത്തെ സ്ത്രീകളെ വൃത്തികെട്ട കണ്ണുകളോടെ നോക്കുന്നുവെന്നും പ്രസ്താവനയില്‍ ബിജെപി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഹിന്ദുക്കളോടും ഹനുമാനോടും അനാദരവാണെന്ന് ആരോപിച്ച് എംപി കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.