മോദി-അമിത് ഷാ തന്ത്രം വിജയിച്ചു: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചു
സ്വന്തം ലേഖകൻ
ഡൽഹി: മധ്യപ്രദേശിലെ കമൽനാഥ് സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചു. രാജികത്ത് സിന്ധ്യ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. മധ്യപ്രദേശ് സർക്കാറുമായി ഇടഞ്ഞുനിന്ന സിന്ധ്യ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത്ഷായും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെ സിന്ധ്യ രാജി തീരുമാനം പുറത്തുവിട്ടത്.
18 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന് കത്തിൽ പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ തനിക്ക് ഇനിയൊന്നും ചെയ്യാനില്ല. തന്റെ അനുഭാവികളുടെയും പ്രവർത്തകരുടെയും അഭിലാഷവും താൽപര്യവും തിരിച്ചറിഞ്ഞുകൊണ്ട് പുതിയ തുടക്കത്തിന് ശ്രമിക്കുകയാണെന്നും സിന്ധ്യ രാജികത്തിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുപിന്നാലെ സിന്ധ്യയെ അനുകൂലിക്കുന്ന എംഎൽഎമാരും രാജിവച്ചു. ബംഗളൂരുവിലെ ഹോട്ടലിൽ കഴിയുന്ന എംഎൽഎമാരാണ് രാജിവച്ചത്. ജ്യോതിരാദിത്യ സിന്ധ്യ സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ മാർച്ച് ഒമ്പത് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോള്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് തന്നെ പിന്തുണയ്ക്കുന്ന 20ഓളം എംഎല്‍എമാരോടോപ്പം ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിടുന്നത്. ഇതോടെ, കമല്‍നാഥ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെടും. സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അനുരഞ്ജന നീക്കങ്ങളും ഫലം കണ്ടില്ലെന്നാണു രാജിതീരുമാനത്തോടെ വ്യക്തമാവുന്നത്.
നാലുതവണ എംപിയും ഒരുതവണ കേന്ദ്ര മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് പ്രമുഖ കോണ്‍ഗ്രസ് നേതാവ് മാധവ്‌റാവു സിന്ധ്യയാണ്. പതിനഞ്ചാം ലോകസഭയില്‍ മധ്യപ്രദേശിലെ ഗുണ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് എംപിയായത്.2002ല്‍ പിതാവിന്റെ മരണശേഷം പാര്‍ലെമെന്റിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ 2004, 2009, 2014 തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. 2007 ല്‍ ഒന്നാം മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ടെലികോം വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി. 2009ല്‍ രണ്ടാം മന്‍മോഹന്‍ സിങ് സര്‍ക്കാരിലും സഹമന്ത്രിയായ സിന്ധ്യ 2012 ഒക്ടോബറില്‍ ഊര്‍ജ വകുപ്പിന്റെ സ്വത്രത്ര ചുമതലയുള്ള സഹമന്ത്രിയായി.