പ്രവാസികളുടെ പരാതികള്‍ ജില്ലാതല കമ്മിറ്റിക്ക് നല്‍കാം
സ്വന്തംലേഖകൻ
കോട്ടയം : പ്രവാസികള്‍ക്ക് നാട്ടിലും വിദേശത്തും നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജില്ലാതല പ്രവാസി പരാതി പരിഹാര കമ്മിറ്റിക്ക് പരാതി നല്‍കാം. പ്രഥമ ലോക കേരളസഭയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന കമ്മിറ്റി പ്രവാസികളുടെ കുടുംബങ്ങള്‍ നാട്ടില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള പരാതികളും പരിഗണിക്കും.
സര്‍ക്കാരിന്റെയും ആവശ്യമെങ്കില്‍ എംബസിയുടെയും ഇടപെടലിലൂടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കും.
ജില്ലാ കളക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയുടെ കണ്‍വീനര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ്. പരാതികള്‍ കോട്ടയം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സ്വീകരിക്കും.
എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച കമ്മിറ്റി യോഗം ചേരും. അടുത്ത യോഗം മെയ് 15ന് നടക്കും. പരാതികള്‍ രേഖകള്‍ സഹിതം മെയ് 14നകം സമര്‍പ്പിക്കണം. പ്രവാസികളും നാട്ടില്‍ താമസിക്കുന്ന ബന്ധുക്കളും ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു അറിയിച്ചു.