
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന വീണ് സ്ത്രീ മരിച്ച സംഭവത്തിൽ ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ.
രക്ഷാപ്രവർത്തനത്തിന് കാലതാമസമുണ്ടായില്ലെന്നും അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് അതിവേഗത്തിൽ സംഭവത്തെക്കുറിച്ചുള്ള വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ കോട്ടയം ജില്ലാ കളക്ടർ ജോൺ സാമുവേലിന് സർക്കാർ നിർദ്ദേശം നൽകിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ ഉള്ളതായി അറിവ് ലഭിച്ച ഉടൻ തന്നെ ഹിറ്റാച്ചി അടക്കമുള്ള ഉപകരണങ്ങൾ അപകടസ്ഥലത്തേക്ക് കൊണ്ടുവരാനുള്ള സമയം മാത്രമാണ് വേണ്ടിവന്നതെന്നും, പത്താം വാർഡിലെ ഓപ്പറേഷൻ കഴിഞ്ഞു വരുന്ന രോഗികൾക്ക് വേണ്ടിയാണ് ഇതിന് സമീപമുള്ള ഈ ശുചിമുറി സംവിധാനം തുറന്നു നൽകിയിരുന്നതെന്നും കളക്ടർ വ്യക്തമാക്കി.
തകർന്നുവീണ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നോ എന്നത് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുടെ പരിശോധനയ്ക്ക് ശേഷമേ പറയാനാകൂവെന്നും കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു.
ഫയർ എഞ്ചിൻ കടന്ന് വരുവാൻ വഴിയുണ്ടാകണമെന്ന പുതിയ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രാബല്യത്തിലാകും മുമ്പ് നിർമ്മിച്ച കെട്ടിടമാണ് ഇതെന്നും ബലക്ഷയം സംബന്ധിച്ചുള്ള തദ്ദേശ സ്ഥാപന റിപ്പോർട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും കളക്ടർ പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ വി. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് എന്നിവരടക്കം ആശുപത്രി അധികൃതർ, റവന്യൂ, പിഡബ്ല്യുഡി ഉദ്യോഗസ്ഥരാണ് കളക്ടറുടെ സംഘത്തിൽ ഉണ്ടായിരുന്നത്.