
കളക്ടറുടെ ചർച്ചയിലും വഴങ്ങാതെ ഓട്ടോറിക്ഷാ തൊഴിലാളികൾ: ഓട്ടോ തൊഴിലാളികളുടെ പണിമുടക്ക് തുടരും; സമരം മൂന്നാം ദിവസത്തിലേയ്ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ഓട്ടോറിക്ഷാ തൊഴിലാളികളുടെ സമരം മൂന്നാം ദിവസവും തുടരുമെന്ന് ഉറപ്പായി. ജില്ലാ കളക്ടറും ആർ.ടി.ഒ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും യോഗത്തിൽ തീരുമാനമായില്ല.
വെള്ളിയാഴ്ച വൈകിട്ടാണ് ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവുമായി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ചർച്ച നടത്തിയത്. സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് ജില്ലാ കളക്ടർ മീറ്റർ നിർബന്ധമായിരുന്നു. കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് അധികൃതർ ജില്ലയിലെ ഓട്ടോറിക്ഷകളിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ ചേർന്ന് മോട്ടോർ വാഹന വകുപ്പ് ജീവനക്കാരെ തടഞ്ഞു വച്ചിരുന്നു. തുടർന്നാണ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകൾ സമരം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വെള്ളിയാഴ്ച കലക്ടറേറ്റ് ചേംബറിൽ സംയുക്ത യൂനിയൻ പ്രതിനിധികൾ ജില്ല കലക്ടർ പി.കെ. സുധീർ ബാബുവു ചർച്ച നടത്തുകയായിരുന്നു. എന്നാൽ, ആദ്യമായി നടത്തിയ ചർച്ച തന്നെ പരാജയപ്പെട്ടു. മീറ്റർ പ്രവർത്തിക്കുമ്പോൾ ഡ്രൈവർമാർക്ക് ഉണ്ടാകുനുള്ള നഷ്ടം നികത്താനുള്ള നിർദേശങ്ങൾ ജില്ലാ കളക്ടറും, ഭരണകൂടവും മുന്നോട്ടു വച്ചു.
ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തുന്നതിന് രണ്ടുദിവസം സാവകാശം ചോദിച്ചിരുന്നു. എന്നാൽ, സമരം പിൻവലിക്കാൻ തയ്യാറാകാതിരുന്ന യൂണിയൻ നേതാക്കൾ തിങ്കളാഴ്ച വരെ പണിമുടക്ക് തുടരാൻ തീരുമാനിക്കുകയായിരുന്നു. നഗര പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കുണ്ടാകുന്ന നഷ്ടം നികത്താൻ, മിനിമം ചാർജ് ഒഴിവാക്കാൻ നടപടി സ്വീകരിക്കാമെന്ന് ജില്ലാ കളക്ടർ നിർദേശം വച്ചു. മിനിമം ചാർജിന് പകരം, മീറ്ററിൽ കാണിക്കുന്ന തുകയുടെ അൻപത് ശതമാനം ഈടാക്കാമെന്ന നിർദേശം നൽകി.
ഇതുമായി ബന്ധപ്പെട്ട് ഈടാക്കാവുന്ന നിരക്കിന്റെ പ്രത്യേകപട്ടികയും യൂനിയൻ നേതാക്കൾക്ക് ജില്ലാ ഭരണകൂടം കൈമാറി. വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കാമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ മറുപടി. ഇതേ തുടർന്ന് തിങ്കളാഴ്ച രാവിലെ 10.30ന് വീണ്ടും കലക്ടറേറ്റ് ചേംബറിൽ ഓട്ടോ തൊഴിലാളികളുമായി ചർച്ച നടത്തും.
ഇതിന്റെ അടിസ്ഥാനത്തിൽ മീറ്റർ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയത്തിൽ അന്തിമതീരുമാനമെടുക്കും. നിലവിൽ പഴയനഗരസഭയുടെ കീഴിൽവരുന്ന പ്രദേശങ്ങളിൽ ഓടുന്ന മുഴുവൻ ഓട്ടോകൾക്ക് മീറ്റർ നിർബന്ധമാക്കും. എന്നാൽ, ടൗൺ പരിധി തിരുവാതുക്കൽ എന്നത് മാറ്റി ഇല്ലിക്കൽ വരെയാക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയനുകൾ നിർദേശം മുന്നോട്ടു വച്ചു.
എം.പി. സന്തോഷ് കുമാർ, സുനിൽ പി.തോമസ്, പി.എസ്. തങ്കച്ചൻ, സാബു പുതുപ്പറമ്പിൽ, ബോണി ജോസഫ്, കുഞ്ഞുമോൻ, ഗോപി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആ്ർ.ടി.ഒ ടോജോ എം.തോമസ്, വിവിധ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.