യുദ്ധവാര്‍ത്തകളില്‍ അതിശയോക്തി ഒഴിവാക്കണം; മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

Spread the love

കൊച്ചി: പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ അതീവ ജാഗ്രതയും അവധാനതയും പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

video
play-sharp-fill

യുദ്ധ വാർത്തകള്‍ റിപ്പോർട്ട് ചെയ്യുമ്പോള്‍ വസ്തുതകള്‍ ചോർന്നുപോകാതെയും അതിശയോക്തി കലർത്താതെയും അവതരിപ്പിക്കാൻ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത മാധ്യമ മേധാവികളുടെ ഓണ്‍ലൈൻ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളതിനാല്‍, അവിടുത്തെ വാർത്തകള്‍ നാട്ടിലെ കുടുംബങ്ങളില്‍ വലിയ രീതിയിലുള്ള ഭയവും ആശങ്കയും വർധിപ്പിക്കാൻ ഇടയാക്കുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സ്ഥിരീകരിക്കാത്ത വിവരങ്ങളും സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങളും വാർത്തയായി പ്രചരിപ്പിക്കാൻ ഒരു കാരണവശാലും ഇടവരരുത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, എംബസികള്‍, ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പുകള്‍ എന്നിവയെ മാത്രം വാർത്തകള്‍ക്കായി ആശ്രയിക്കണം.

 

‘ബ്രേക്കിംഗ് ന്യൂസ്’ നല്‍കാനുള്ള മത്സരത്തിനിടയില്‍ വസ്തുതകള്‍ തെറ്റിപ്പോകുന്ന സാഹചര്യം ഒഴിവാക്കാൻ മാധ്യമ സ്ഥാപനങ്ങളുടെ നേതൃതലത്തില്‍ തന്നെ ഇടപെടല്‍ ഉണ്ടാകണം. മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍, സ്ഫോടനങ്ങള്‍ തുടങ്ങിയവ അതിവൈകാരികതയോടെ അവതരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഒരേപോലെ അപകടത്തിലാണെന്ന തരത്തിലുള്ള പൊതുവായ പ്രതീതി സൃഷ്ടിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

 

പ്രവാസികളുടെ വ്യക്തിഗത വിവരങ്ങള്‍, വിലാസം, ജോലിസ്ഥലം എന്നിവ അനാവശ്യമായി വെളിപ്പെടുത്തുന്നത് അവരുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ അത്തരം റിപ്പോർട്ടിങ്ങുകളില്‍ നിയന്ത്രണം വേണം. അപകടസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നവരെ സെൻസേഷണല്‍ രീതിയില്‍ ചിത്രീകരിക്കുന്നതിന് പകരം, അവർക്ക് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും നല്‍കാനാണ് മാധ്യമങ്ങള്‍ മുൻഗണന നല്‍കേണ്ടത്.

 

ഹെല്‍പ് ലൈൻ നമ്പറുകള്‍, നോർക്കയുടെയും പ്രവാസി വകുപ്പിന്റെയും സേവനങ്ങള്‍ എന്നിവ നിരന്തരം പ്രചരിപ്പിക്കുന്നതിലൂടെ കുടുംബങ്ങളുടെ ആശങ്ക കുറയ്ക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സോഷ്യല്‍ മീഡിയയിലെ വ്യാജ വാർത്തകള്‍ക്കെതിരെ ഫാക്റ്റ് ചെക്കിംഗ് സംവിധാനം ശക്തമാക്കണം.

 

വിമാനയാത്രാ നിരക്കുമായി ബന്ധപ്പെട്ട പ്രവാസികളുടെ പരാതികള്‍ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റർമാരും മേധാവികളും പങ്കെടുത്ത യോഗത്തില്‍ പ്രവാസികളുടെ സുരക്ഷയും വാർത്താ വിനിമയത്തിലെ ഉത്തരവാദിത്തവും സംബന്ധിച്ച വിവിധ നിർദ്ദേശങ്ങള്‍ ചർച്ചയായി.