സ്വന്തം ലേഖകൻ
കോട്ടയം: ഭക്തരുടെ രക്തംചീന്തി നടയടയ്ക്കാൻ ആഹ്വാനം ചെയ്തവർ ശ്രമിച്ചത് ശബരിമലയെ തകർക്കാനായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയത്തിൽ ഇടതു മുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ഭാഗമായി നാഗമ്പടം നെഹ്‌റുസ്റ്റേഡിയത്തിൽ ചേർന്ന മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ കലാപം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ആർ.എസ്.എസ് വികാരം സൃഷ്ടിച്ചത്. ജാതിമത വ്യത്യാസമില്ലാത്ത ശബരിമലയോട് ആർഎസ്എസിനു നേരത്തെ തന്നെ ആഭിമുഖ്യമില്ലായിരുന്നു. ശബരിമലയിൽ അക്രമം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അക്രമികളെ ആർഎസ്എസ് ശബരിമലയിൽ എത്തിച്ചു. കലാപം സൃഷ്ടിച്ച് സംസ്ഥാനത്തെ തകർക്കലായിരുന്നു ആർഎസ്എസ് ലക്ഷ്യമിട്ടിരുന്ന അജണ്ട. ഇതിനായി ആളുകളെ ഒത്തു കൂടിക്കുകയായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. എവിടെയെങ്കിലും ആരെങ്കിലും ഒത്തു കൂടുമ്പോൾ അവരാണ് മഹാശക്തി എന്ന് തെറ്റിധരിക്കരുത്. ഇത്തരത്തിൽ ആളുകൾ ഒത്തു കൂടുന്നത് നാടിന് ആപത്താണ്. ഇവർ ലക്ഷ്യമിടുന്നത് രാജ്യത്തെ തകർക്കാലാണ്. ഇത് തിരിച്ചറിഞ്ഞ് നാടിനെ രക്ഷിക്കാൻ മതനിരപേക്ഷ കൂട്ടായ്മ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ബിജെപിയുടെ ഇടത്താവളമായി മാറി. ബിജെപിയിലേയ്ക്ക് ആളുകളെ തള്ളി വിടുന്ന ഇടത്താവളമായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, സ്‌കറിയ തോമസ്, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ് എന്നിവർ പ്രസംഗിച്ചു