മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞാൽ പറഞ്ഞതാണ്: മണിപ്പുഴയിലെ റോഡരികിൽ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളികളെ ജില്ലാ ഭരണകൂടം ഏറ്റെടുത്തു; തിരുവാതുക്കലിലെ നഗരസഭ ഓഫിസിൽ താമസം ഒരുക്കും; തേർഡ് ഐ ബിഗ് ഇംപാക്ട്

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞാൽ പറഞ്ഞതാണ്: മണിപ്പുഴയിലെ റോഡരികിൽ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളികളെ ജില്ലാ ഭരണകൂടം ഏറ്റെടുത്തു; തിരുവാതുക്കലിലെ നഗരസഭ ഓഫിസിൽ താമസം ഒരുക്കും; തേർഡ് ഐ ബിഗ് ഇംപാക്ട്

ഏ കെ ശ്രീകുമാർ

കോട്ടയം: കൊറോണക്കാലത്ത് അതിഥി തൊഴിലാളികൾക്കു സംരക്ഷണം ഉറപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ നഗരത്തിൽ യാഥാർത്ഥ്യമായി..! മണിപ്പുഴയിലെ റോഡരികിൽ പട്ടിണിയിലേയ്ക്കു നീങ്ങിയിരുന്ന ആന്ധ്രയിലെ മൺകുടം വിൽപ്പനക്കാരായ തൊഴിലാളികൾക്ക് താമസത്തിനും ഭക്ഷണത്തിനും ക്രമീകരണം ഒരുക്കി ജില്ലാ ഭരണകൂടം. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്ത ശ്രദ്ധയിൽ പെട്ട ജില്ലാ കളക്ടർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് ഈ കുടുംബത്തെ തിരുവാതുക്കലിലെ നഗരസഭ ഹാളിലേയ്ക്കു മാറ്റാൻ തീരുമാനക്കുകയായിരുന്നു

മാസങ്ങൾക്കു മുൻപ് നഗരത്തിൽ വ്യാപാരത്തിനായി എത്തിയ ആന്ധ്രസ്വദേശികളായ കുടുംബം, ഭക്ഷണവും കിടക്കാൻ ഇടവുമില്ലാതെ വിഷമിക്കുന്നതായി വ്യാഴാഴ്ച ഉച്ചയ്ക്കാണ് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്തു വിട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെയ്ത മഴയിൽ കുടുംബം ദുരിതം അനുഭവിക്കുന്നതായി കാട്ടി നാട്ടുകാരാണ് തേർഡ് ഐ ബ്യൂറോയിൽ വിവരം അറിയിച്ചത്. തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് വിഷയത്തിൽ ഇടപെട്ടതും ഇവർക്കു വേണ്ട ക്രമീകരണങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് വാർത്ത നൽകിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെ തന്നെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇവർക്കു ഭക്ഷണവും വെള്ളവും എത്തിച്ചു നൽകിയിരുന്നു. തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവും ജില്ലാ പൊലീസ് മേധാവി ജി.ജയദേവും ആരോഗ്യ വിഭാഗം അധികൃതരോടും പൊലീസിനോടും സ്ഥലത്ത് എത്താൻ നിർദേശം നൽകി. ഇവർ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് ഇവരുടെ ദുരിതജീവിതത്തിന്റെ നേർച്ചിത്രം വ്യക്തമായത്. തുടർന്നു, എ.ഡി.എം അനിൽ ഉമ്മൻ, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയെ വിളിച്ചു.

പി.ആർ സോന നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടതോടെയാണ് തിരുവാതുക്കലിലെ നഗരസഭയുടെ കെട്ടിടത്തിൽ ഇവർക്ക് താമസ സൗകര്യം ഒരുക്കാമെന്നുള്ള തീരുമാനത്തിൽ എത്തിയത്. തുടർന്നു ഇവരെ തിരുവാതുക്കലിലെ കെട്ടിടത്തിലേയ്ക്കു മാറ്റാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം അക്ഷരം പ്രതി അനുസരിച്ചാണ് ഇപ്പോൾ ജില്ലാ ഭരണകൂടം അതിഥി തൊഴിലാളികൾക്ക് അഭയം നൽകുന്നത്.