
സ്വന്തം ലേഖിക
കൊച്ചി ആസ്ഥാനമായ സിഎംആര്‍എല്‍ കമ്ബനിയില്‍നിന്ന് വ്യക്തിപരമായി കൈപ്പറ്റിയ 55 ലക്ഷം രൂപയെപ്പറ്റി വിശദീകരിക്കാതെ ഒഴിഞ്ഞുമാറി എക്‌സാലോജിക് സോഫ്റ്റ്‌വെയര്‍ കമ്ബനി ഉടമയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണാ വിജയൻ.
ഇരു കമ്ബനികളും തമ്മിലുള്ള ദുരൂഹ ഇടപാടുകളെപ്പറ്റി അന്വേഷിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക കമ്ബനി രജിസ്ട്രാര്‍ (ആര്‍ഒസി) മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഈ ചോദ്യത്തില്‍നിന്ന് വീണ ഒഴിഞ്ഞുമാറിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിഎംആര്‍എല്ലുമായി സേവന കരാറില്‍ ഏര്‍പ്പെട്ട് എക്‌സാലോജിക് നേടിയ 1.72 കോടി രൂപയ്ക്ക് പുറമെ അതേ കമ്ബനിക്ക് വ്യക്തിപരമായി കണ്‍സള്‍ട്ടൻസി സര്‍വീസ് നല്‍കി വീണ വിജയൻ കൈപ്പറ്റിയിരുന്നു. “പൊതുമണ്ഡലത്തില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വ്യക്തിപരമായി താങ്കള്‍ 55 ലക്ഷം രൂപ സിഎംആര്‍എല്ലില്‍നിന്ന് കൈപ്പറ്റിയിരുന്നു. ഇത് വിശദീകരിക്കാമോ” എന്നായിരുന്നു ആര്‍ ഒ സി ഉദ്യോഗസ്ഥരുടെ ചോദ്യം.
“പൊതുമണ്ഡലത്തില്‍ റിപ്പോര്‍ട്ടുകള്‍ എന്നാണ് ചോദ്യത്തില്‍. കൃത്യവും വ്യക്തവുമായി ഏത് റിപ്പോര്‍ട്ട് ആണെന്ന് പറഞ്ഞാല്‍ മാത്രമേ മറുപടി നല്കാൻ കഴിയൂ. ഏത് റിപ്പോര്‍ട്ടാണ് ആധാരമെന്ന് ആദ്യം വ്യക്തമാക്കണം. ഞങ്ങളെ ബാധിക്കുന്ന വിഷയമാണെങ്കില്‍ മറുപടി പറയാം. ഈ ചോദ്യത്തിന് ഞാൻ ഇപ്പോള്‍ മറുപടി പറയുന്നില്ല. പക്ഷേ, വിശദാംശങ്ങള്‍ നല്‍കിയാല്‍ അപ്പോള്‍ വിശദമായി മറുപടി നല്‍കാനുള്ള അവകാശം ഞാൻ റിസേര്‍വ് ചെയ്യുന്നു,” വീണ വിജയൻ മറുപടി പറഞ്ഞു.
എന്നാല്‍ ഈ മറുപടി ഒഴിഞ്ഞുമാറല്‍ തന്ത്രമാണെന്നും ചോദ്യത്തിന് ആധാരമായ റിപ്പോര്‍ട്ട് ഇൻകം ടാക്സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവാണെന്നും ആര്‍ഒസി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് വീണ തൈക്കണ്ടിയില്‍ യോഗ്യതയുള്ള സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍ ആണെന്നും അവര്‍ക്ക് സ്വന്തം നിലയില്‍ സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടൻസി സേവനം നല്കാൻ അര്‍ഹതയുണ്ടെന്നും എക്‌സാലോജിക് മറുപടി നല്‍കിയിട്ടുണ്ട്. “വീണ വ്യക്തിപരമായ നിലയില്‍ ഐടി, മാര്‍ക്കറ്റിങ് സേവനങ്ങള്‍ നല്‍കാനുള്ള കരാര്‍ ഒന്നും സിഎംആര്‍എല്ലുമായി ഏര്‍പ്പെട്ടിട്ടില്ല. ലഭിച്ച എല്ലാ വരുമാനവും ആദായനികുതി പരിധിയിലുള്ളതും വെളിപ്പെടുത്തിയിട്ടുള്ളതുമാണ്,” മറുപടിയില്‍ പറയുന്നു.
മറുപടിയുടെ ഈ ഭാഗം ദുരൂഹമാണെന്നാണ് ആര്‍ ഒ സിയുടെ മറുവാദം. “വാദത്തിനുവേണ്ടി വീണയ്ക്ക് വ്യക്തിപരമായ കരാറില്ലെന്നും അത് കമ്ബനികള്‍ തമ്മിലാണെന്നും അംഗീകരിക്കാം. അപ്പോഴും എക്‌സാലോജിക് ഏത് സേവനം ഏത് അളവ് വരെ നല്‍കി, വീണ ഏത് സേവനം ഏത് അളവ് വരെ നല്‍കി എന്നൊക്കെ വേര്‍തിരിച്ചറിയാൻ പ്രയാസമാണ്. കമ്ബനി അന്വേഷണ ഉദ്യോഗസ്ഥന് സമര്‍പ്പിച്ച രേഖകള്‍ തീര്‍ത്തും അപര്യാപ്തമാണ്,” അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുമേഖലാ സ്ഥാപനമായ കെ എസ്‌ഐഡിസിക്ക് സിഎംആര്‍എലില്‍ ഓഹരി പങ്കാളിത്തമുണ്ടെന്നത് ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ എക്‌സാലോജിക്കിന്റെ തല്പര കക്ഷിയാണെന്ന വാദം കമ്ബനി റജിസ്ട്രാര്‍ ഉന്നയിക്കുന്നുണ്ട്. ഈ വാദത്തെ ശക്തമായി നിഷേധിക്കുന്ന മറുപടിയാണ് വീണ നല്‍കിയത്.
“കമ്ബനീസ് ആക്ടിലെ തല്പര കക്ഷി എന്ന നിര്‍വചനത്തിന്റെ പരിധിയെ വല്ലാതെ വലുതാക്കാനുള്ള ശ്രമമാണിത്. ഒരു മെറിറ്റും ഇല്ലാത്ത ആരോപണമാണിത്. കെ എസ് ഐ ഡി സിക്ക് 13.4 ശതമാനം ഓഹരികള്‍
സിഎംആര്‍എല്ലില്‍ ഉണ്ട്. എന്നാല്‍ ഞാനോ കുടുംബാങ്ങളോ കെഎസ്‌ഐഡിസിയുമായി ബന്ധമുള്ളവരല്ല. ഈ കമ്ബനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അനുദ്യോഗിക അംഗമായി പോലും ഞാനോ ബന്ധുക്കളോ ഇല്ല. കെഎസ്‌ഐഡിസി 40 കമ്ബനികളില്‍ ഓഹരി വാങ്ങിയിട്ടുണ്ട്. അവരുടെ ബിസിനസ്സിന്റെ ഭാഗമാണത്. സിഎംആര്‍എലില്‍ കമ്ബനി ഓഹരി വാങ്ങുന്നത് 1991 ലാണ്. അന്ന് ഞാനോ കുടുംബാങ്ങളോ സര്‍ക്കാരിന്റെ ഭാഗമല്ല. കെഎസ്‌ഐഡിസിയുടെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്,” വീണ മറുപടിയില്‍ വിശദീകരിക്കുന്നു. തല്‍പ്പരകക്ഷികള്‍ തമ്മിലെ ഇടപാടായി ഇതിനെ കാണുന്നത് വസ്തുതാപരമായും നിയമപരമായും തെറ്റാണെന്നും അവര്‍ പറഞ്ഞു.
കമ്ബനിയുടെ ഇടപാടുകള്‍ സംബന്ധിച്ച ഫയലിങ്ങില്‍ വന്ന ചെറിയ സാങ്കേതികപ്പിഴവുകള്‍ കമ്ബനി നിയമത്തെപ്പറ്റി വീണയ്ക്കുള്ള അറിവില്ലായ്മ കാരണം ഉണ്ടായതാണെന്നും അത് മനഃപൂര്‍വമല്ലെന്നും മറുപടിയില്‍ പരാമര്‍ശമുണ്ട്.
കര്‍ണാടക ആര്‍ ഒ സി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ എക്‌സാലോജിക് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയവും അഴിമതി നിരോധന നിയമവും ലംഘിച്ചതായി കണ്ടെത്തിയിരുന്നു. തുടരന്വേഷണം ഇഡിയെയും സിബി ഐയെയും ഏല്പിക്കണമെന്ന ശിപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം എക്‌സാലോജിക്കിനും അവര്‍ക്ക് അവിഹിതമായി സാമ്ബത്തിക സഹായം നല്‍കിയെന്ന് ആരോപണമുള്ള കൊച്ചിയിലെ സിഎംആര്‍എല്ലിനുമെതിരെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്.