
ന്യൂഡൽഹി: വിവാദ ഐ.എ.എസ്. പ്രൊബേഷണറി ഓഫീസർ പൂജ ഖേദ്കറെ ഇന്ത്യൻ അഡ്മിസ്ട്രേറ്റീവ് സർവീസിൽ നിന്ന് കേന്ദ്രസർക്കാർ പിരിച്ചു വിട്ടു. പൂജയുടെ സെലക്ഷൻ യു.പി.എസ്.സി. റദ്ദാക്കുകയും അതിനുശേഷം ഒരു മാസം കഴിഞ്ഞാണ് നടപടി സ്വീകരിച്ചത്.
വ്യാജ ഒ.ബി.സി. സർട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കർ ഉപയോഗിച്ചു എന്ന് നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ വഞ്ചനാക്കുറ്റവും ഇവർക്കെതിരെയുണ്ട്. തുടർന്ന് പൂജയുടെ ഐ.എ.എസ്. റദ്ദാക്കുകയും യു.പി.എസ്.സി. പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. വ്യക്തിഗത വിവരങ്ങൾ വ്യാജമായി നൽകിയാണ് ഇവർ പലതവണ പരീക്ഷ എഴുതിയതെന്നും യു.പി.എസ്.സി. കണ്ടെത്തിയിരുന്നു.
പൂജ ഖേദ്കറുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ 2009 മുതൽ 2023 വരെയുള്ള 15,000ത്തോളം ഉദ്യോഗാർഥികളുടെ വിവരങ്ങൾ പരിശോധിച്ചു. ഐ.എ.എസ്. പരീക്ഷ പാസായി സ്ക്രീനിങ് പ്രോസസിലുള്ളവരുടെ വിവരങ്ങളാണ് പരിശോധിച്ചത്. ഇത്തരമൊരു കുറ്റകൃത്യത്തിൽ മറ്റൊരു പരീക്ഷയും ഏർപ്പെട്ടിട്ടില്ലെന്നാണ് യുപിഎസി യുടെ കണ്ടെത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group







