
കണ്ണൂർ: റെയില്‍വേ ട്രാക്കിനിടയില്‍ വീണുപോയ യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി സിവില്‍ പൊലീസ് ഓഫീസർ.
മരണത്തിന്റെ ട്രാക്കില്‍ നിന്ന് ജീവിതത്തിന്‍റെ പ്ലാറ്റ്ഫോമിലേക്ക് നീട്ടിയ ഒരു കൈ. യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തിയത് കണ്ണൂർ ഇരിണാവ് സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസർ ലഗേഷാണ്.
കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ആ രക്ഷപ്പെടുത്തലില്‍ ജീവൻ തിരിച്ച് കിട്ടിയത് അഹമ്മദാബാദ് സ്വദേശിയ്ക്കാണ്.
മെയ് 26ന് നടന്ന രക്ഷപ്പെടുത്തലിന്‍റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന യാത്രക്കാരൻ കണ്ണൂരില്‍ ട്രെയിൻ നിർത്തിയപ്പോള്‍ വെള്ളം വാങ്ങാൻ പുറത്തിറങ്ങുകയായിരുന്നു. അതിനിടെ ട്രെയിൻ നീങ്ങി. ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ട്രാക്കിലേക്ക് വീണുപോയി.
അയാളുടെ ഇടതുകൈ ട്രെയിനിലെ സ്റ്റെപ്പിന് മുകളിലും വലതുകൈ മുകളിലേക്ക് നീട്ടിയ നിലയിലുമായിരുന്നു. ഇതുകണ്ട് ലഗേഷ് ഓടിച്ചെന്ന് കൈ പിടിക്കാൻ ശ്രമിച്ചു. ആദ്യം കഴിഞ്ഞില്ല. തുടർന്ന് ട്രെയിനിന്റെ ജനലില്‍ പിടിച്ച് 20 മീറ്ററോളം മുന്നോട്ട് ഓടി. തുടർന്ന് യാത്രക്കാരന്‍റെ കൈ പിടിക്കാൻ കഴിഞ്ഞു. അങ്ങനെ പുറത്തെത്തിച്ചു.
യാത്രക്കാരന്‍റെ കാലിനും വയറിനും ചെറിയ പരിക്ക് മാത്രമേയുള്ളൂ. ഡോക്ടർ പരിശോധിച്ച ശേഷം അതേ ട്രെയിനില്‍ തന്നെ യാത്രക്കാരൻ യാത്ര തുടർന്നു.
ഒരു നിമിഷത്തെ മനസാന്നിദ്ധ്യമാണ് അത്. ഒരു പക്ഷെ സ്വന്തം ജീവൻ അപകടത്തിലാകും എന്ന് പോലും ചിന്തിക്കാതെ നീട്ടിയ കരങ്ങള്‍. അതിന് ഒരു ജീവന്റെ വിലയുണ്ട്. ഹീറോ ആണ് ലഗേഷ്.