
തൃക്കാക്കര കൂട്ട ബലാത്സംഗക്കേസ്; ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിന് സസ്‌പെന്‍ഷന്‍
കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാത്സംഗക്കേസില്‍ മൂന്നാം പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിന് സസ്‌പെന്‍ഷന്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ന് രാവിലെ സ്റ്റേഷനിലെത്തി സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സുനുവിനോട് അവധിയില്‍ പോകാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ നിര്‍ദേശം നല്‍കി.
ഏഴ് ദിവസത്തെ അവധിയില്‍ പ്രവേശിക്കാനാണ് എഡിജിപി നിര്‍ദേശിച്ചെതെന്നാണു വിവരം. അതിനിടെയാണ് സുനുവിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉള്‍പ്പെടെയുള്ളവ പരിഗണിക്കാനിരിക്കേയാണ് ഡ്യൂട്ടിക്കെത്തിയത്. സംഭവം വ്യാപക വിമര്‍ശനങ്ങള്‍ക്കു വഴിവച്ചതോടെയാണ് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചത്.
താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് സുനു മാധ്യമങ്ങളോട് വിശദീകരിച്ചത്. പരാതിക്കാരിയെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ലെന്നും സുനു പറയുന്നു. സത്യം ഒന്നേയുള്ളൂ, സത്യമേവ ജയതേ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സുനുവിന്റെ പ്രതികരണം.
തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയില്‍ പല തവണ ചോദ്യം ചെയ്തിട്ടും സുനുവിനെ പ്രതി ചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
സുനുവടക്കം പത്ത് പ്രതികള്‍ കേസില്‍ ഉണ്ടെന്ന് പറയുമ്പോഴും അഞ്ച് പേരേ മാത്രമേ പരാതിക്കാരിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുള്ളുവെന്നും പൊലീസ് പറയുന്നു.