video
play-sharp-fill
ചൈത്ര തെരേസ ജോണിന് സർക്കാരിന്റെ താക്കീത്; തൽക്കാലം വെറുതെ വിടും.

ചൈത്ര തെരേസ ജോണിന് സർക്കാരിന്റെ താക്കീത്; തൽക്കാലം വെറുതെ വിടും.

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി. ചൈത്ര തെരേസ ജോണിനു സർക്കാരിന്റെ താക്കീത്. റെയ്ഡിനു മുമ്പ് മേലധികാരികളുടെ അനുമതി തേടിയില്ലെന്ന ‘കുറ്റം’ ആവർത്തിക്കരുതെന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചുവരുത്തിയാണു താക്കീത് ചെയ്തത്. അതേസമയം, സർക്കാരിന് ഉചിതമായ നടപടിയെടുക്കാമെന്ന ശിപാർശയോടെ സംഭവം സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി. സർക്കാരിനു കൈമാറി. വിമൻസ് സെല്ലിലേക്കു മടക്കയയച്ച ചൈത്രയ്ക്കെതിരേ തുടർനടപടി എന്തായിരിക്കുമെന്നു കാത്തിരിക്കേണ്ടി വരും.
നട്ടെല്ല് വളയ്ക്കാതെ നടപടിയെടുത്ത ചൈത്രയ്ക്കു സാമൂഹിക മാധ്യമങ്ങളിലൂടെ സല്യൂട്ട് പ്രവഹിക്കുകയാണ്. അതിനിടെ അവർക്കെതിരേ നടപടിയെടുക്കുന്നതു സർക്കാരിന്റെ പ്രതിഛായ കൂടുതൽ മോശമാക്കുമെന്നതിനാലാണു തൽക്കാലം താക്കീതിൽ നിർത്തുന്നത്. പോലീസ് തെരയുന്ന ചിലർ പാർട്ടി ഓഫീസിലുണ്ടെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നു ചൈത്ര വിശദീകരണം നൽകിയിരുന്നു.
സത്യസന്ധമായ ഉദ്ദേശ്യത്തോടെയായിരുന്നു ചൈത്രയുടെ റെയ്ഡെന്നാണ് എ.ഡി.ജി.പി. മനോജ് ഏബ്രഹാം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട്. അപാകതയില്ലെങ്കിലും ചെറിയ രീതിയിൽ ജാഗ്രതക്കുറവ് സംഭവിച്ചു. ക്രമസമാധാനത്തിന്റെ അധികച്ചുമതല മാത്രമാണു ചൈത്രയ്ക്കുണ്ടായിരുന്നതെന്നും റെയ്ഡിനു മുമ്പ് ഐ.ജിയെയോ കമ്മിഷണറെയോ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറെയോ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ 22-നു തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കല്ലെറിഞ്ഞിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായ രണ്ടു പ്രവർത്തകരെ കാണാൻ അനുവദിക്കാതിരുന്നതായിരുന്നു പ്രകോപനം. ഇവർക്കായുള്ള തെരച്ചിലാണ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പരിശോധനയിൽ അക്രമികളെ കണ്ടെത്താനായില്ല. ഇന്റലിജൻസ് പോലും അറിയാതെയായിരുന്നു റെയ്ഡ് നടത്തിയതെങ്കിലും വിവരം സി.പി.എം. നേതൃത്വത്തിനു ചോർത്തിക്കിട്ടിയിരുന്നെന്നു സംശയിക്കുന്നു. ഒരു ഡിവൈ.എസ്.പിയാണു ചോർത്തിയതെന്നാണു സൂചന.
ജില്ലാ പോലീസ് മേധാവി/എസ്.പി. തലത്തിൽ വലിയ അഴിച്ചുപണിക്കു സർക്കാർ തയാറെടുക്കുകയാണ്. പത്തു ജില്ലാ പോലീസ് മേധാവിമാർക്കു മാറ്റമുണ്ടായേക്കും. ഇക്കൂട്ടത്തിൽ ചൈത്രയെ ഏതെങ്കിലും അപ്രധാന സ്ഥാനത്തേക്കു നീക്കാനിടയുണ്ട്. കടുത്ത നടപടിയാണ് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടിരുന്നത്.