
ശരീരത്തിലെ എല്ല് പൊട്ടിയാല്‍ ചികിത്സ തേടിയശേഷം പരിക്ക് ഭേദമാകാന്‍ ഇനി ദിവസങ്ങളോ ആഴ്ചകളോ കാത്തിരിക്കേണ്ടതില്ല. വെറും മൂന്ന് മിനിറ്റിനുള്ളില്‍ എല്ലുകളിലെ പൊട്ടല്‍ ഒട്ടിച്ചുചേര്‍ക്കാന്‍ കഴിയുന്ന ഒരു മെഡിക്കല്‍ ബോണ്‍ ഗ്ലൂ വികസിപ്പിച്ചെടുത്തതായി ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു ബോണ്‍ ഗ്ലൂ വികസിപ്പിക്കാന്‍ ഗവേഷകര്‍ വളരെക്കാലമായി ശ്രമിക്കുകയായിരുന്നു. .
‘ബോണ്‍ 02’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്ലൂ കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഗവേഷക സംഘമാണ് പുറത്തിറക്കിയതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പാലത്തിന്റെ വെള്ളത്തിനടിയിലുള്ള ഭാഗത്ത് മുത്തുച്ചിപ്പികള്‍ ശക്തമായി ഒട്ടിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതില്‍നിന്നാണ് ബോണ്‍ ഗ്ലൂ വികസിപ്പിക്കാനുള്ള പ്രചോദനം ലഭിച്ചതെന്ന് സംഘത്തലവനും സര്‍ റണ്‍ റണ്‍ ഷാ ഹോസ്പിറ്റലിലെ അസോസിയേറ്റ് ചീഫ് ഓര്‍ത്തോപീഡിക് സര്‍ജനുമായ ലിന്‍ സിയാന്‍ഫെങ് പറയുന്നു.
രക്തം വാര്‍ന്ന സാഹചര്യങ്ങളില്‍ പോലും രണ്ടോ മൂന്നോ മിനിറ്റിനുള്ളില്‍ കൃത്യമായി എല്ലുകളെ ഉറപ്പിക്കാന്‍ ഈ പശയ്ക്ക് കഴിയും.എല്ലിന്റെ പൊട്ടല്‍ ഭേദമാകുന്നതിനനുസരിച്ച് ഈ പശ സ്വാഭാവികമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇംപ്ലാന്റുകള്‍ നീക്കം ചെയ്യാന്‍ മറ്റൊരു ശസ്ത്രക്രിയയുടെ ആവശ്യമില്ല. സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും കാര്യത്തില്‍ ‘ബോണ്‍-02’ മികച്ച പ്രകടനം കാഴ്ചവെച്ചതായി പരിശോധനകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരീക്ഷണഘട്ടത്തില്‍ നടപടിക്രമം 180 സെക്കന്‍ഡില്‍ താഴെ അതായത് മൂന്ന് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയായി. പരമ്പരാഗത ചികിത്സാ രീതികളില്‍ സ്റ്റീല്‍ പ്ലേറ്റുകളും സ്‌ക്രൂകളും ഘടിപ്പിക്കുന്നത് വലിയ മുറിവ് അവശേഷിപ്പിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. 150-ലധികം രോഗികളില്‍ ബോണ്‍ ഗ്ലൂ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഈ പശ ഉപയോഗിച്ച് ഒട്ടിച്ച എല്ലുകള്‍ ശരീരത്തില്‍ ശക്തമായി നിലനിന്നു. പരമ്പരാഗത ലോഹ ഇംപ്ലാന്റുകള്‍ക്ക് പകരമാകാന്‍ ഈ ഉല്‍പ്പന്നത്തിന് കഴിയുമെന്ന് എടുത്തു കാണിക്കുന്നതാണ് പരീക്ഷണങ്ങള്‍.
ഇത് ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനങ്ങളും അണുബാധയും പോലുള്ള അപകടസാധ്യതകള്‍ കുറയ്ക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. നിലവില്‍ പൊട്ടലുകള്‍ ഭേദമാക്കാന്‍ നിരവധി ബോണ്‍ സിമന്റുകളും ബോണ്‍ വോയിഡ് ഫില്ലറുകളും വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, അവയ്‌ക്കൊന്നും ഒട്ടിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെടുന്നില്ല. ആദ്യത്തെ ബോണ്‍ പശകള്‍ വികസിപ്പിച്ചത് 1940-കളിലാണ്, അവ ജെലാറ്റിന്‍, എപ്പോക്‌സി റെസിനുകള്‍, അക്രിലേറ്റുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എങ്കിലും ഫലപ്രദമായ ചികിത്സയ്ക്ക് അനുയോജ്യമല്ലന്ന് ബോധ്യമായതോടെ ഇതെല്ലാം ഉപേക്ഷിക്കപ്പെട്ടു.