
ഇന്ത്യയിൽ കുട്ടികൾക്കിടയിലുള്ള മരണങ്ങളിൽ പ്രധാന കാരണങ്ങളിലൊന്നായി കാൻസർ മാറുന്നുവെന്ന് പ്രശസ്ത വൈദ്യശാസ്ത്ര മാസികയായ ‘ദി ലാൻസെറ്റ്’ പുറത്തുവിട്ട ഒരു പഠനത്തിൽ സൂചിപ്പിക്കുന്നു. മതിയായ ചികിത്സാ സൗകര്യങ്ങളുടെ കുറവിനേക്കാൾ, രോഗം തിരിച്ചറിയുന്നതിലുണ്ടാകുന്ന കാലതാമസമാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നതെന്ന് അതിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ കുട്ടികളിലെ കാൻസർ മരണങ്ങൾ ഉയരാൻ പ്രധാന കാരണം രോഗം മൂർച്ഛിച്ച ഘട്ടത്തിൽ മാത്രം തിരിച്ചറിയുന്നതാണ്. പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ ആരംഭിച്ചാൽ മാറ്റിയെടുക്കാവുന്ന പല കേസുകളും വൈകിയുള്ള രോഗനിർണയം കാരണം സങ്കീർണമാകുന്നു.
ഐസിഎംആറിന്റെ കണക്കുകൾ പ്രകാരം, 2022ൽ ഇന്ത്യയിലെ ആകെ കാൻസർ കേസുകളിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കുട്ടികളിലായിരുന്നു. പ്രതിവർഷം 0-14 വയസിനിടയിലുള്ള 50,000 മുതൽ 60,000 വരെ പുതിയ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആഗോളതലത്തിൽ 2023ൽ 3,77,000 കുട്ടികൾക്ക് കാൻസർ ബാധിക്കുകയും 1,44,000 മരണങ്ങൾ സംഭവിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ കുട്ടികളിൽ രക്താർബുദം (Leukaemias) ആണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. ലിംഫോമ, സെൻട്രൽ നെർവസ് സിസ്റ്റം ട്യൂമറുകൾ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. നഗരങ്ങളിൽ രോഗനിർണയ സംവിധാനങ്ങൾ ഉള്ളതിനാൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഗ്രാമീണ മേഖലകളിൽ പല കേസുകളും ഇന്നും രേഖപ്പെടുത്തപ്പെടാതെ പോകുന്നുണ്ട്.
വികസിത രാജ്യങ്ങളിൽ കുട്ടികളിലെ കാൻസർ അതിജീവന നിരക്ക് 80 ശതമാനത്തിന് മുകളിലാണെങ്കിലും ഇന്ത്യയിൽ ഇത് എല്ലായിടത്തും ഒരേപോലെയല്ല. നഗരങ്ങളിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളിൽ മികച്ച ഫലം ലഭിക്കുമ്പോൾ, സാധാരണ സാഹചര്യങ്ങളിൽ ചികിത്സ തേടുന്ന കുട്ടികളുടെ അതിജീവന നിരക്ക് കുറവാണ്.







