
പത്തനംതിട്ട : തങ്ങളുടെ മുന്നിലിട്ട് അമ്മയെ കുത്തിക്കൊല്ലുന്നത് നിലവിളിച്ചുകൊണ്ട് കണ്ടുനിൽക്കാനേ ആ മക്കൾക്ക് കഴിഞ്ഞുള്ളൂ. അമ്മയെ പിതാവ് കുത്തിക്കൊന്നതോടെ ഒറ്റപ്പെട്ടുപോയ മൂന്നു പെൺകുട്ടികൾ നാടിന്റെ നൊമ്പരമായി.
പിതാവ് ജയിലിലാണ്.പത്തനംതിട്ട പുല്ലാട് ആലുംതറയിൽ അഞ്ചാനിക്കൽ വീട്ടിൽ ശാരിയുടെയും (35) ജയകുമാറിന്റെയും മക്കളായ പത്ത് വയസുകാരി ആവണിയും ആറും നാലും വയസുള്ള വേണിയും ശ്രാവണിയുമാണ് ഈ ഹതഭാഗ്യർ.
ആവണി പുല്ലാട് എസ്.വി.എച്ച്.എസ്.എസ് ആറാംക്ളാസ് വിദ്യാർത്ഥിയാണ്. വേണി കുറുങ്ങഴ ഗവ.എൽ.പി.എസിൽ രണ്ടാംക്ളാസിലും ശ്രാവണി അങ്കണവാടിയിലുമാണ്.ആഗസ്റ്റ് 2ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യപിച്ച് ബഹളംവയ്ക്കാറുള്ള ജയകുമാർ ശാരിയെ സംശയിച്ചതാണ് കൊലപാതകത്തിന് കാരണമായത്. തടയാൻ ശ്രമിച്ച ശാരിയുടെ പിതാവ് ശശിക്കും അദ്ദേഹത്തിന്റെ സഹോദരി രാധാമണിക്കും മാരകമായി കുത്തേറ്റു.
വയറിനും നെഞ്ചിനുമാണ് മൂവർക്കും കുത്തേറ്റത്. മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അടുത്തദിവസം ശാരി മരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ജയകുമാർ കസ്റ്റഡിയിലുമായി.ശാരിയുടെ കുടുംബവീട്ടിൽ താമസിച്ചാണ് കവിയൂർ സ്വദേശിയായ ജയകുമാർ കൂലിപ്പണിക്ക് പോയിരുന്നത്.
മുമ്പും കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശാരി പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് ജയകുമാറിനെ താക്കീത് നൽകി വിട്ടയച്ചു.
ശാരിയുടെ രക്ഷിതാക്കളാണ് കുട്ടികളെ ഇപ്പോൾ സംരക്ഷിക്കുന്നത്. കുത്തേറ്റതിനാൽ പിതാവ് ശശിക്ക് ജോലിക്ക് പോകാനാകുന്നില്ല. അമ്മ സാവിത്രിയും കുട്ടികളെ തനിച്ചാക്കി പുറത്തുപോകാറില്ല. രണ്ടു മുറി മാത്രമുള്ള ചെറിയ വീട്ടിലാണ് കുട്ടികളുമായി ശശിയും സാവിത്രിയും താമസിക്കുന്നത്. ശാരിയുടെ സഹോദരൻ ശരത്തും നാട്ടുകാരും സ്കൂൾ അധികൃതരും വാർഡ് മെമ്പറും സഹായിച്ചാണ് ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്.