
തിരുവനന്തപുരം: രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മമല്‍ ആശുപത്രിയിലെ ഡോക്ടർ അരുണ്‍ വാരിയർ. ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ഡോക്ടർ പറഞ്ഞു.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിക്ക് അഡ്രിനാലിൻ നല്‍കി. നെയ്യാർ മെഡിസിറ്റിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് നേരിയ പള്‍സ് ഉണ്ടായിരുന്നതായും ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, മമല്‍ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആവർത്തിക്കുകയാണ് കുട്ടിയുടെ കുടുംബം.
ഐഷ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കും. നെയ്യാർ മെഡിസിറ്റിയില്‍ നിന്ന് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. തിരുവനന്തപുരം ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകള്‍ രണ്ടര വയസുള്ള ഐഷാ ഫാത്തിമയാണ് മരിച്ചത്. സംഭവത്തില്‍ കാട്ടാക്കടയിലെ മമല്‍ ആശുപത്രിക്കെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിക്ക് ശ്വാസംമുട്ടലും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്വാസ തടസ്സത്തിന് ആവി പിടിച്ചശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തു. ഇഞ്ചക്ഷൻ എടുത്ത ശേഷം കുട്ടിയുടെ നില വഷളായതായാണ് കുടുംബം പരാതിയില്‍ പറയുന്നത്. കുട്ടിയെ ആംബുലൻസില്‍ ഉടൻ നെയ്യാർ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബന്ധുക്കളെ ആംബുലൻസില്‍ കയറുന്നതില്‍ നിന്ന് ആശുപത്രി ജീവനക്കാർ ആദ്യം തടഞ്ഞതായും കുട്ടിയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.



