
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചതിന് കേരളാ പൊലീസ് സംസ്ഥാനത്തുടനീളം 10 പേരെ അറസ്റ്റ് ചെയ്തു.
കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകള്‍ കാണുകയും പങ്കുവെക്കുകയും ചെയ്തുവെന്നാരോപിച്ച് കേരളാ പൊലീസ് സംസ്ഥാനത്തുടനീളം ഒരേസമയം നടത്തിയ റെയ്ഡുകളില് 10 പേരെ അറസ്റ്റ് ചെയ്യുകയും 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
123 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
ചൈല്‍ഡ് പോണോഗ്രഫി തടയുന്നതിനുള്ള കേരള പൊലീസിന്റെ ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. മലപ്പുറം ജില്ലയില്‍ നിന്ന് നാല് പേരെയും ഇടുക്കി, കൊച്ചി നഗരങ്ങളില്‍ നിന്ന് രണ്ട് പേരെ വീതവും ആലപ്പുഴ, എറണാകുളം റൂറല്‍ ഏരിയകളില്‍ നിന്ന് ഓരോരുത്തരെയും പിടികൂടിയതായി പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കേരള പൊലീസ് സിസിഎസ്ഇ (ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷൻ കൗണ്ടറിങ്) ടീമിന്റെ പ്രത്യേക വിഭാഗമാണ് ഓപ്പറേഷൻ പി-ഹണ്ട്. നിയമപ്രകാരം കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.



