video
play-sharp-fill

Thursday, May 22, 2025
HomeCrimeപഠിക്കാനയച്ച മകള്‍ ഗര്‍ഭിണിയായി മടങ്ങി വന്നാല്‍ ഏതൊരു രക്ഷകര്‍ത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളുവെന്ന് ജയചന്ദ്രനും ഭാര്യയും;...

പഠിക്കാനയച്ച മകള്‍ ഗര്‍ഭിണിയായി മടങ്ങി വന്നാല്‍ ഏതൊരു രക്ഷകര്‍ത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളുവെന്ന് ജയചന്ദ്രനും ഭാര്യയും; പ്രതികൾക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും; പേരൂര്‍ക്കട കേസില്‍ വിധി നവംബര്‍ രണ്ടിന്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പേരൂര്‍ക്കട സ്വദേശിനി അനുപമയുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ദത്ത് നല്‍കിയതെന്ന് മാതാവും സഹോദരങ്ങളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചു.

പഠിക്കാനയച്ച മകള്‍ ഗര്‍ഭിണിയായി മടങ്ങി വന്നാല്‍ ഏതൊരു രക്ഷകര്‍ത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളു. തങ്ങള്‍ മകളെയും കുഞ്ഞിനെയും കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. ഗര്‍ഭം ധരിച്ച്‌ 8 മാസമായപ്പോഴാണ് മകള്‍ വിവരം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളുടെ ഇളയ മകളാണ് അനുപമ. അനുപമയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടില്ലാത്ത സമയമാണ് സംഭവങ്ങള്‍ നടക്കുന്നത്. യാതൊരു ബലപ്രയോഗമോ ഭീഷണിയോ ഇല്ലാതെയാണ് അനുപമ രേഖകളില്‍ ഒപ്പിട്ടത്.

കട്ടപ്പനയില്‍ 6 മാസം കൊണ്ടു നിര്‍ത്തിയത് അന്യായ തടങ്കലായി കാണാനാവില്ല. അനുപമയുടെ പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു. അതിനാല്‍ അന്യായ തടങ്കലില്‍ താമസിപ്പിച്ചുവെന്ന എഫ്ഐആറിലെ കുറ്റം നിലനില്‍ക്കില്ല. തങ്ങളെ എല്ലാവരും കല്ലെറിയുമ്ബോള്‍ ഇത് ചിന്തിക്കണമെന്നും കോടതിയില്‍ ബോധിപ്പിച്ചു.

ആണ്‍ കുഞ്ഞിനെ പെണ്‍ കുഞ്ഞാക്കി വ്യാജ രേഖകള്‍ തയ്യാറാക്കിയത് തങ്ങളല്ലെന്നും ആശുപത്രിയിലും തൈക്കാട് ശിശുക്ഷേമ സമിതിയിലും പൂജപ്പുര ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലും അപ്രകാരം കൃത്രിമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ തങ്ങള്‍ ഉത്തരവാദികളല്ല.

രണ്ടു നാള്‍ മുമ്ബ് അനുപമ കുടുംബകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണം മാതാപിതാക്കളെ ഏല്‍പ്പിച്ചതായാണ് പറഞ്ഞിരിക്കുന്നതെന്നും ലോക്കല്‍ പൊലീസ് തൊട്ട് ഡിജിപി വരെയുള്ളവര്‍ക്ക് നല്‍കിയ പരാതിയിലും താന്‍ തന്റെ കുഞ്ഞിനെ മാതാപിതാക്കളുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചതായാണ് പറഞ്ഞിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞതിനാല്‍ തങ്ങളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും പ്രതികള്‍ ബോധിപ്പിച്ചു.

അതേ സമയം മുന്‍കൂര്‍ ജാമ്യഹര്‍ജിയെ പബ്ലിക് പ്രോസിക്യൂട്ടര്‍ വെമ്ബായം എ ഹക്കിം ശക്തമായി എതിര്‍ത്തു. ആശുപത്രിയിലടക്കം ഗൂഢാലോചന നടന്നിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 360, 361, 471 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസന്വേഷണം നടക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് നോട്ടറി അഫ്ഡവിറ്റും വ്യാജ രേഖകള്‍ തയ്യാറാക്കിയ കൃത്യങ്ങള്‍ വെളിപ്പെടുന്നതിനും കുഞ്ഞിനെ തിരിച്ചറിഞ്ഞ് വീണ്ടെടുക്കുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍ കൂര്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.

നെയ്യാര്‍ മെഡിസിറ്റിയില്‍ 2020 ഒക്ടോബര്‍ 19 നാണ് അനുപമ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്. കുഞ്ഞ് ജനിക്കുന്നതിന് 4 നാള്‍ മുമ്ബ് നോട്ടറി അഡ്വക്കേറ്റിനെക്കൊണ്ട് കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിക്കുന്നതായി മുദ്രപ്പത്രത്തില്‍ ഒരു സത്യവാങ്മൂലം എഴുതിയുണ്ടാക്കിയെന്നും ബോധിപ്പിച്ചു. അതേ സമയം മൊഴിയല്ലല്ലോ വേണ്ടത് ആ സത്യവാങ്മൂലം എവിടെയെന്ന് ജഡ്ജി മിനി എസ് ദാസ് ചോദിച്ചു. തല്‍സമയം അസല്‍ സത്യവാങ്മൂലം പ്രതികളെ ചോദ്യം ചെയ്ത് വീണ്ടെടുക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. നോട്ടറി അഡ്വക്കേറ്റിന്റെ സാക്ഷിമൊഴി മാത്രമേ പൊലീസിന് രേഖപ്പെടുത്താനായുള്ളു. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം ബോധിപ്പിച്ചു.

പേരൂര്‍ക്കട സ്വദേശിനി അനുപമയുടെ ആണ്‍കുഞ്ഞിനെ രേഖകളില്‍ തിരിമറി നടത്തി ആന്ധ്രാ ദമ്ബതികള്‍ക്ക് ശിശുക്ഷേമ സമിതി ദത്തു നല്‍കിയ കുട്ടിക്കടത്തു കേസില്‍ പ്രതികളായ അനുപമയുടെ മാതാവടക്കം 5 പേരാണ് അഡ്വ.മുരുക്കുംപുഴ വിജയകുമാരന്‍ നായര്‍ മുഖേന മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. കുട്ടിക്കടത്തു കേസില്‍ 2 മുതല്‍ 5 വരെ പ്രതികളായ അനുപമയുടെ മാതാവ് സ്മിത ജെയിംസ് , സഹോദരി അഞ്ജു , ഭര്‍ത്താവ് അരുണ്‍ , അനുപമയുടെ പിതാവ് ജയച്ചന്ദ്രന്റെ സുഹൃത്ത് രമേശ് , പേരൂര്‍ക്കട വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവരാണ് ജില്ലാ കോടതിയെ സമീപിച്ചത്. ഒന്നാം പ്രതി ജയച്ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടില്ല.

പൊലീസ് നിരന്തരം തങ്ങളെ അന്വേഷിച്ചുവരികയാണ്. ഏതു നിമിഷവും തങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കോടതി കല്‍പ്പിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാന്‍ തങ്ങള്‍ തയ്യാറാണ്. അതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ തങ്ങളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം കൊടുത്ത് തങ്ങള്‍ക്ക് നീതി ലഭ്യമാക്കി തരുമാറാകണമെന്നാണ് പ്രതികളുടെ ജാമ്യഹര്‍ജിയിലെ ആവശ്യം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നവംബര്‍ 2 ന് കോടതി വിധി പറയും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments