21 ലക്ഷത്തിൻ്റെ ബിൽ മാറി നൽകാൻ 25000 രൂപ കൈക്കൂലി; വിജിലൻസ് പിടിയിലായ പിആർഡി ഓഫീസറെ കോടതി റിമാൻ്റ് ചെയ്തു
സ്വന്തം ലേഖിക
തിരുവനന്തപുരം: ബില്‍ തുക മാറി നല്‍കാന്‍ 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഗവ.സെക്രട്ടറിയേറ്റ് പിആര്‍ഡി ഓഫീസർ റിമാൻ്റിൽ.
പിആര്‍ഡി ഓഡിയോ വീഡിയോ ഓഫീസറായ വിനോദ് കുമാറിനെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതിയാണ് 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തത്. ബില്‍ തുക മാറി നല്‍കാന്‍ 25,000 രൂപ കൈക്കൂലി വാങ്ങവേയാണ് ഒക്ടോബര്‍ 27 ന് പ്രതി കൈക്കൂലി ട്രാപ്പ് കേസില്‍ അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സര്‍ക്കാരിന് കീഴിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെൻ്റ് ഓണ്‍ലൈന്‍ റേഡിയോ പരിപാടികള്‍ കൈകാര്യം ചെയ്യുന്ന ഓഫീസറാണ് പ്രതി. സര്‍ക്കാരിന് വേണ്ടി പരിപാടികള്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്വകാര്യ സ്ഥാപനത്തിന് വിവിധ പ്രോഗ്രാമുകള്‍ ചെയ്ത് നല്‍കിയ വകയില്‍ 21 ലക്ഷം രൂപയുടെ ബില്‍ തുക മാറിക്കിട്ടാനുണ്ടായിരുന്നു.
തുകയ്ക്കായി സ്ഥാപന ഉടമ പലവട്ടം പ്രതിയെ സമീപിച്ചെങ്കിലും ബില്‍ തുക മാറി നല്‍കിയില്ല. ഒടുവില്‍ 15 % കമ്മീഷന്‍ തുകയായ 3.75 ലക്ഷം രൂപ ആവശ്യപ്പെട്ടു. വിലപേശലില്‍ ആദ്യ ഗഡുവായി 25,000 രൂപ നല്‍കാമെന്ന് ഉടമ സമ്മതിച്ചു. എന്നാല്‍ വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് പൊലീസ് വിജിലന്‍സ് ഓഫീസില്‍ വച്ച് ഫിനോഫ്തലിന്‍ പൊടി വിതറിയ നോട്ടുകള്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തി എന്‍ട്രസ്റ്റ്‌മെമെൻ്റ് മഹസറില്‍ വിവരിച്ച് പരാതിക്കാരനെ ഏല്‍പ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം കാറില്‍ വെച്ച് കെണിപ്പണം വാങ്ങുകയായിരുന്നു.
കെണിപ്പണം പ്രതി കൈപ്പറ്റിയതായ സിഗ്‌നല്‍ നല്‍കിയ ഉടന്‍ വിജിലന്‍സ് സംഘം കാര്‍ വളഞ്ഞ് വിജിലന്‍സ് കൊണ്ടുവന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ പ്രതിയുടെ കൈവിരലുകള്‍ മുക്കിയപ്പോള്‍ ലായനി പിങ്ക് നിറമായി മാറി. കൈക്കൂലിയായ കെണിപ്പണം പ്രതി കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.