സ്വന്തം ലേഖിക
തിരുവനന്തപുരം: വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ എട്ടാംമാസത്തില്‍ മലപ്പുറത്തും കായംകുളത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തിച്ച് നശിപ്പിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രമിച്ചിരുന്നുവെന്ന് അനുപമ പറഞ്ഞു.
വളര്‍ച്ചയില്ലെന്നും മറ്റും പറഞ്ഞ് കുഞ്ഞിനെ നശിപ്പിക്കാനും രക്ഷാകര്‍ത്താക്കള്‍ പ്രേരിപ്പിച്ചു. തന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് കുഞ്ഞിനെ ജീവനോടെ ലഭിച്ചത്. ഒന്‍പതാം മാസം രക്ഷാകര്‍ത്താക്കള്‍ മര്‍ദിച്ച് അവശയാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയെ കൊന്നുകളയുമെന്ന ഭീതിയിലാണ് കുഞ്ഞിനെ കൈമാറാനുള്ള കരാര്‍ ഒപ്പിടാന്‍ തയ്യാറായതെന്നും അനുപമ പറയുന്നു.
അനുപമയുടെ അച്ഛനും സി.പി.എം ഏരിയാകമ്മിറ്റിയംഗവുമായ ജയചന്ദ്രനില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ഭര്‍ത്താവ് അജിത്ത് പറയുന്നു.
പരാതി ലഭിച്ച് ആറുമാസത്തിനു ശേഷമാണ് എഫ്.ഐ.ആര്‍. ഇട്ടത്. എന്നാല്‍, ദത്തു നല്‍കിയ കുട്ടിയുടെ വിശദാംശം നല്‍കില്ലെന്ന ശിശുക്ഷേമ സമിതിയുടെ മറുപടിയില്‍ തട്ടിനില്‍ക്കുകയാണ് അന്വേഷണം.
തന്റെ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ തയാറെടുക്കുകയാണ് അനുപമ. പ്രസവിച്ചു മൂന്നാം ദിവസം തന്നില്‍ നിന്നു വേര്‍പെടുത്തി ശിശുക്ഷേമ സമിതിക്കു കൈമാറിയ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തു നല്‍കിയെന്നാണു പരാതി.
കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ തിരികെ അനുപമയ്ക്ക് ലഭിക്കാന്‍ നിയമതടസ്സമില്ലെന്നാണ് വിലയിരുത്തല്‍. ഏറ്റെടുത്ത നടപടികളില്‍ വീഴ്ചയുണ്ടെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റെടുത്ത കുഞ്ഞിനെ ദത്തു നല്‍കണമെങ്കിലും പാലിക്കേണ്ട നിയമനടപടികളുണ്ട്. അത് ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും.