ചൂർണിക്കരയിലെ ഭൂമി തട്ടിപ്പ്: മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടു
സ്വന്തംലേഖകൻ
കൊച്ചി: എറണാകുളം ചൂർണിക്കരയിൽ നിലംനികത്താൻ വ്യാജരേഖ ചമച്ച സംഭവത്തിൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. വകുപ്പുതല അന്വേഷണവും നടത്തുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു. എറണാകുളം ചൂർണിക്കര വില്ലേജിലെ 25 സെന്റ് നിലം നികത്താനായാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവും ആർഡിഒയുടെ കത്തും വ്യാജമായി ഉണ്ടാക്കിയത്. വ്യാജരേഖയുണ്ടാക്കിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണർ യു.വി ജോസ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വ്യാജരേഖ ചമക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജരേഖ ചമച്ചത് ഇടനിലക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന സര്‍ക്കാര്‍ നിയമപ്രകാരം തരംമാറ്റിയ ഭൂമിയുടെ പേരിലുള്ള തടസങ്ങള്‍ പിഴയടച്ച് ഒഴിവാക്കാന്‍ സാധിക്കും. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്. ചൂര്‍ണിക്കരയില്‍ മാത്രമായിരിക്കില്ല സംസ്ഥാന വ്യാപകമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായേക്കാമെന്നാണ് പോലീസ് നിഗമനം.