video
play-sharp-fill

പുതിയ നിയമങ്ങളിൽ 99 ശതമാനവും കോപ്പി പേസ്റ്റ്, ചിലത്  ഭരണഘടനാ വിരുദ്ധം, നിയമ ഭേദഗതികളായി കൊണ്ടുവരാവുന്നതേയുള്ളൂ; ഇന്ത്യൻ നിയമങ്ങൾക്കെതിരെയുള്ള  ബുൾഡോസർ; പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ ആഞ്ഞടിച്ച് പി. ചിദംബരം

പുതിയ നിയമങ്ങളിൽ 99 ശതമാനവും കോപ്പി പേസ്റ്റ്, ചിലത് ഭരണഘടനാ വിരുദ്ധം, നിയമ ഭേദഗതികളായി കൊണ്ടുവരാവുന്നതേയുള്ളൂ; ഇന്ത്യൻ നിയമങ്ങൾക്കെതിരെയുള്ള ബുൾഡോസർ; പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ ആഞ്ഞടിച്ച് പി. ചിദംബരം

Spread the love

ന്യൂഡൽഹി: ഇന്നു മുതൽ പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരം.

മതിയായ ചർച്ചകളില്ലാതെ നടപ്പാക്കുന്ന നിയമങ്ങൾ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ താറുമാറാക്കുമെന്നും നിലവിലുള്ള നിയമങ്ങൾക്കെതിരെയുള്ള ബുൾഡോസർ പ്രയോഗമാണെന്നും ചിദംബരം പറഞ്ഞു. ഭരണഘടനയ്ക്കും ക്രിമിനൽ നിയമത്തിൻ്റെ ആധുനിക തത്വങ്ങൾക്കും അനുസൃതമായി മൂന്ന് നിയമങ്ങളിലും കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും പറഞ്ഞു.

നൂറ്റാണ്ടിലേറെയായി രാജ്യത്ത് നില നിൽക്കുന്ന ക്രിമിനൽ നിയമങ്ങളായ ഇന്ത്യൻ ശിക്ഷാ നിയമം(ഐ.പി.സി), ക്രിമിനൽ നടപടി ക്രമം(സി.ആർ.പി.സി), ഇന്ത്യൻ തെളിവ് നിയമം (ഐ.ഇ.എ) എന്നിവ മാറ്റി തൽസ്ഥാനത്ത് യഥാക്രമം ഭാരതീയ നീതി സംഹിത(ബി.എൻ.എസ്), ഭാരതീയ പൗര സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്), ഭാരതീയ തെളിവ് നിയമം (ബി.എസ്.എ) എന്നിവയാണ് നടപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“പുതിയ നിയമങ്ങളിൽ 99 ശതമാനവും കോപ്പി പേസ്റ്റാണ്. നിലവിലുള്ള മൂന്ന് നിയമങ്ങളിൽ ചില ഭേദഗതികൾ വരുത്തുന്നതിന് പകരം പാഴ് വേലയാണ് ചെയ്തത്. നിരവധി പിന്തിരിപ്പൻ വ്യവസ്ഥകളാണ് ഇതിലുള്ളത്. ചിലത് പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണ്.

അതേസമയം, പുതിയ നിയമങ്ങളിൽ ചില നല്ല കാര്യങ്ങളുണ്ട്. ഞങ്ങൾ അവയെ സ്വാഗതം ചെയ്തിട്ടുമുണ്ട്. അത് നിയമ ഭേദഗതികളായി കൊണ്ടുവരാവുന്നതേയുള്ളൂ’ -എക്‌സ് പോസ്റ്റിൽ ചിദംബരം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എം.പിമാർ വ്യവസ്ഥകൾ പരിശോധിച്ച് മൂന്ന് ബില്ലുകളെക്കുറിച്ചും വിശദമായ വിയോജനക്കുറിപ്പുകൾ എഴുതിയിരുന്നു.

എന്നാൽ, ഇതിലെ വിമർശനങ്ങളൊന്നും സർക്കാർ തള്ളുകയോ മറുപടി പറയുകയോ ചെയ്തില്ല. പാർലമെൻ്റിൽ ഗൗരവമാർന്ന ചർച്ച പോലും നടന്നില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു. “പുതിയ മൂന്ന് നിയമങ്ങളിലെ ഗുരുതരമായ പോരായ്മകൾ നിയമ പണ്ഡിതന്മാരും ബാർ അസോസിയേഷനുകളും ജഡ്ജിമാരും അഭിഭാഷകരും നിരവധി ലേഖനങ്ങളിലും സെമിനാറുകളിലും ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, സർക്കാർ ഇത്തരം പ്രശ്നങ്ങളോട് പ്രതികരിച്ചിട്ടില്ല. കോടതികളിൽ നിരവധി പ്രതിസന്ധിയാണ് ഈനിയമങ്ങൾ സൃഷ്ടിക്കുക. ഭരണഘടനയ്ക്കും ക്രിമിനൽ നിയമത്തിൻ്റെ ആധുനിക തത്വങ്ങൾക്കും അനുസൃതമായി മൂന്ന് നിയമങ്ങളിലും കൂടുതൽ മാറ്റങ്ങൾ വരുത്തണം’ ചിദംബരം ആവശ്യപ്പെട്ടു.