
മുണ്ടക്കയത്തിന് സമീപം ചെന്നാപ്പാറയില്‍ ഭീതി പടര്‍ത്തി വീണ്ടും പുലി; ഇത്തവണ പുലിയെ കണ്ടത് വീടിന്‍റെ സിറ്റൗട്ടിൽ; വനം വകുപ്പിനെതിരെ പ്രതിഷേധത്തിനൊരുങ്ങി പ്രദേശവാസികള്‍
സ്വന്തം ലേഖിക
മുണ്ടക്കയം: തൊട്ടുമുന്നില്‍ പുലിയെ കണ്ട ഭീതി വിട്ടൊഴിഞ്ഞിട്ടില്ല റെജിക്ക്.
എല്ലാ ദിവസവും ഏഴരയോടെ റെജിയും കുടുംബവും കിടക്കാറുണ്ട്. എന്നാൽ വെള്ളിയാഴ്ച ടെലിവിഷനില്‍ ഫുട്‌ബാേള്‍ കളി കണ്ടിരുന്നു. ഇതിനിടയിലാണ് നായ പ്രത്യേക രീതിയില്‍ കുരക്കുന്നത് കേള്‍ക്കാനിടയായത്. എന്തിനെയോ കണ്ട് ഭയന്നതാണെന്ന തോന്നലില്‍ കതക് തുറന്ന് ലൈറ്റിടാന്‍ തീരുമാനിച്ചു. കതക് തുറന്നുനോക്കുമ്പോള്‍ കണ്ടത് തൊട്ടുമുന്നില്‍ പുലി നായയെ പിടിക്കുന്ന കാഴ്ചയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ചെന്നാപ്പാറ ബി ഡിവിഷന്‍ ഫീല്‍ഡ് ഓഫീസര്‍ റെജിയുടെ ക്വാര്‍ട്ടേഴ്‌സിന്‍റെ സിറ്റൗട്ടിലാണ് പുലിയെത്തിയത്. റെജിയെ കണ്ടതോടെ പുലി നായയുടെ പിടിവിട്ട് റബര്‍ തോട്ടത്തിലൂടെ കാട്ടിലേക്ക് ഓടി.
പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തുനായക്ക് പരിക്കുണ്ട്. പറമ്പിലെ കമ്പിവേലിയില്‍ പുലിയുടേതെന്ന് കരുതുന്ന രോമങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വനം വകുപ്പ് അധികൃതരെത്തി വിവിധ സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല.
കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ജി. മഹേഷ് പറഞ്ഞു.
രണ്ടാഴ്ച മുൻപ് ഇവിടെ നിന്ന് 400 മീറ്റര്‍ ദൂരത്തില്‍ റബര്‍തോട്ടത്തില്‍ ടാപ്പ് ചെയ്ത തൊഴിലാളികള്‍ പുലിയെ കണ്ടിരുന്നു. തലനാരിഴക്കാണ് അന്ന് അവര്‍ രക്ഷപ്പെട്ടത്. മുണ്ടക്കയം-ചെന്നാപ്പാറ-മതമ്പ റോഡിനോട് ചേര്‍ന്ന ക്വാര്‍ട്ടേഴ്‌സിന്‍റെ സിറ്റൗട്ടില്‍ പുലിയെ കണ്ടതോടെ പ്രദേശം പുലിപ്പേടിയിലായി.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ കുട്ടികള്‍ ഉള്‍പ്പെടെ തൊഴിലാളി കുടുംബങ്ങള്‍ക്ക് പകല്‍പോലും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. പുലിയുടെ സാന്നിധ്യം കണ്ട് രണ്ടാഴ്ചയായിട്ടും പുലിയെ പിടിക്കാത്ത സാഹചര്യത്തില്‍ പ്രദേശവാസികള്‍ വനം വകുപ്പിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ്.