
ചെങ്ങന്നൂരില്‍ കല്ലിശ്ശേരിയിലെ ഡോ. കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: ഗ്രാമീണ മേഖലയിലെ ആരോഗ്യപരിപാലന രംഗത്ത് മിതമായ നിരക്കില്‍ അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ചെങ്ങന്നൂരിലെ കല്ലിശ്ശേരിയില്‍ നിര്‍മാണം പൂര്‍ത്തിയായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഡോ. കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മാര്‍ച്ച് 8-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
തദ്ദേശഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ രാവിലെ 10.30-ന് നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, സജി ചെറിയാന്‍ എംഎല്‍എ, സിപിഎം നേതാവ് കെ.ജെ. തോമസ്, കെഎസ്‌ഐഡിസി എംഡി എം.ജി. രാജമാണിക്കം തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഡോ. കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂര്‍ നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്ററും എംസി റോഡില്‍ നിന്നും 1.2 കിലോമീറ്ററും അകലെ കല്ലിശ്ശേരിയില്‍ പമ്പ നദിയോട് ചേര്‍ന്നുള്ള 5.5 ഏക്കറിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. 18 പ്രധാന വിഭാഗങ്ങളിലും 14 ഉപ വിഭാഗങ്ങളിലുമായി 70 ഡോക്ടര്‍മാരുടെയും 450-ലേറെ ജീവനക്കാരുടെയും സേവനം ആശുപത്രിയില്‍ ലഭ്യമായിരിക്കും.
യുഎഇയിലെ ബോസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎംഡിയും കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റല്‍ സ്ഥാപകനും വൈസ് ചെയര്‍മാനും, വെല്‍കെയര്‍ ഹോസ്പിറ്റല്‍, വെല്‍കെയര്‍ കോളേജ് ഓഫ് നേഴ്‌സിങ് എന്നിവയുടെ ചെയര്‍മാനുമായ പി.എം. സെബാസ്റ്റ്യന്‍ ആശുപത്രിയുടെ ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്.
രാജ്യത്തെ പ്രമുഖ ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളും മദ്രാസ് മെഡിക്കല്‍ മിഷന്‍ സ്ഥാപക ഡയറക്ടറും 45,000-ലേറെ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ളതുമായ ഡോ. കെ.എം. ചെറിയാനാണ് ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗത്തെ നയിക്കുന്നത്. 1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഹോണററി സര്‍ജനായിരുന്ന ഡോ. ചെറിയാനെ 1991-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഹാര്‍ട്ട് ബൈപ്പാസ് ശസ്ത്രക്രിയ, ഹാര്‍ട്ട്- ലങ് ട്രാന്‍സ്പ്ലാന്റ്, പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ലേസര്‍ ഹാര്‍ട്ട് സര്‍ജറി എന്നിവ ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ സര്‍ജനാണ് ഡോ. കെ.എം. ചെറിയാന്‍.
ഓരോ മെഡിക്കല്‍ വിഭാഗത്തെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി തലത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് ആശുപത്രിയുടെ ദീര്‍ഘകാലത്തേക്കുള്ള ലക്ഷ്യം. അപകടസാധ്യതയും സാമ്പത്തിക ബാധ്യതയും ഏറെയുണ്ടാക്കുന്ന ശസ്ത്രക്രിയകളുടെ ആവശ്യം കുറയ്ക്കുന്ന സ്റ്റെം സെല്‍ തെറാപ്പിയില്‍ ഗവേഷണവും വികസനവും ലഭ്യമാക്കുന്നതാകും ഇതെന്നും അധികൃതര്‍ വ്യക്തമാക്കി. ആശുപത്രികള്‍ അസുഖമുള്ളപ്പോള്‍ പോകേണ്ടുന്ന ഇടമാണ് എന്നതില്‍ നിന്നും സുഖമുള്ളപ്പോഴും ഇടയ്ക്കിടെ സന്ദര്‍ശിക്കാവുന്ന സ്ഥലം എന്നതിലേക്ക് ആരോഗ്യപരിപാലന വ്യവസായ മേഖലയെ നയിക്കുന്ന പ്രസ്ഥാനമായിരിക്കും ഡോ. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന് വൈസ് ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡംഗവുമായ സിബിന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. സമഗ്രമായ ആരോഗ്യ സൗഖ്യം ഉറപ്പാക്കിയുള്ള ബഹുതല സേവനം ലഭ്യമാക്കാനാണ് ആശുപത്രിയിലൂടെ ഉദ്ദേശിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളും അതിനൂതന മെഡിക്കല്‍ സാങ്കേതികവിദ്യയും പ്രതിബദ്ധരായ ജീവനക്കാരും പരിചയസമ്പന്നരായ ഡോക്ടര്‍മാരും അടങ്ങുന്ന മികവിന്റെ കേന്ദ്രങ്ങളായിരിക്കും ആശുപത്രിയിലെ ഓരോ വിഭാഗങ്ങളും. മേഖലയിലെ ജനങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള പരിമിതമായ മെഡിക്കല്‍ സൗകര്യങ്ങള്‍ കണക്കിലെടുത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയും ഉയര്‍ന്ന നിലവാരത്തിലുള്ള രോഗനിര്‍ണയ സൗകര്യങ്ങളും ആശുപത്രി ലഭ്യമാക്കും. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, എമര്‍ജന്‍സി, ട്രോമ കെയര്‍ തുടങ്ങിയ അടിസ്ഥാന ആശുപത്രി സൗകര്യങ്ങള്‍ക്ക് പുറമേ കാര്‍ഡിയോളജി, ന്യൂറോളജി, ഓര്‍ത്തോപീഡിക്‌സ്, ഗ്യാസ്‌ട്രോഎന്‍ട്രോളജി, നെഫ്രോളജി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളില്‍ പ്രമുഖ സ്ഥാനം കൈവരിക്കാനാണ് ആശുപത്രി ലക്ഷ്യമിടുന്നത്. അതിലൂടെ രോഗികള്‍ക്ക് ഒരു കുടക്കീഴില്‍ തന്നെ സമ്പൂര്‍ണ ആരോഗ്യപരിപാലനം ഉറപ്പാക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡോ. കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടറും ചീഫ് ഓഫ് സ്റ്റാഫുമായ ഡോ. കെ.എം. ചെറിയാന്‍, വൈസ് ചെയര്‍മാന്‍ സിബിന്‍ സെബാസ്റ്റ്യന്‍, മാനേജിംഗ് ഡയറക്ടര്‍ ഫാ. അലക്‌സാണ്ടര്‍ കൂടാരത്തില്‍, ഡയറക്ടര്‍ അഡ്വ. എന്‍.സി. ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.