വൈക്കം: ചെമ്മനത്തുകര ഐഎച്ച്ഡിപി പട്ടികവര്‍ഗ കോളനി നിവാസികളുടെ കിടപ്പാടത്തിന് പട്ടയം നല്‍കാതെ അവഗണിക്കുന്നുവെന്നുള്ള ആദിവാസി ഭൂ അവകാശ സമിതിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു.
ചെമ്മനത്തുകര ഐഎച്ച്ഡിപി കോളനിയുടെ ഭൂമി ഐടിഡിപി പ്രൊജക്ട് ഓഫീസറുടെ പേരിലായിരുന്നു. ഈ വസ്തു ഭൂമി വിട്ടൊഴിയല്‍ നിയമപ്രകാരം റവന്യു വകുപ്പിന് കൈമാറിയാല്‍ മാത്രമേ ഭൂമിക്ക് പട്ടയം നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ.
ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വസ്തു പട്ടികവര്‍ഗ വികസന വകുപ്പ് റവന്യു വകുപ്പിന് നിലവില്‍ കൈമാറിയിട്ടുള്ളതാണ്. തുടര്‍ന്ന് പട്ടയ നടപടികളുടെ ഭാഗമായി കൈവശ വസ്തു അളന്നു തിരിച്ചു നല്‍കാന്‍ പ്രത്യേക സര്‍വേ ടീമിനെ നിയോഗിക്കുകയും സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വസ്തുവിന്റെ സ്‌കെച്ച് ലഭിച്ചാലുടന്‍ തന്നെ പട്ടയനടപടികള്‍ ത്വരിതപ്പെടുത്താന്‍ കഴിയും. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് സര്‍വേ നടപടികള്‍ക്ക് താമസം നേരിട്ടത്.
പെരുമാറ്റച്ചട്ടം പിന്‍വലിച്ച സാഹചര്യത്തില്‍ പട്ടയ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഉടനെ പട്ടയം നല്കാൻ സാധിക്കുമെന്നും സി.കെ ആശ എംഎല്‍എ അറിയിച്ചു.