ജപ്തി ചെയ്ത തുകയിലും തട്ടിപ്പ്: റവന്യു റിക്കവറി ഓഫിസിൽ നിന്നും രണ്ടു ലക്ഷം തട്ടിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ചു

ജപ്തി ചെയ്ത തുകയിലും തട്ടിപ്പ്: റവന്യു റിക്കവറി ഓഫിസിൽ നിന്നും രണ്ടു ലക്ഷം തട്ടിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ആഡംബര ജീവിതത്തിനായി റവന്യു റിക്കവറി ഓഫിസിൽ നിന്നും പല തവണയായി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ റവന്യു ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അഞ്ചുമാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് വെസ്റ്റ് പൊലീസ് എറണാകുളത്തെ ഒളി സങ്കേതത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.
അമയന്നൂർ വഴനത്തോട്ടത്തിൽ വീട്ടിൽ ജോബി തോമസിനെ(39)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്‌തത്. കോട്ടയം റവന്യു റിക്കവറി തഹസീൽദാരുടെ ഓഫിസിൽ നിന്നും നാലു മാസം കൊണ്ട് 2.10 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.  സുഹൃത്തിന്റെ ഭാര്യയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി ചേർക്കപ്പെട്ട ഇയാൾ ഇപ്പോൾ ഇവർക്കൊപ്പമാണ് താമസം. ഭാര്യയെയും കുട്ടിയെയും ഇയാൾ ഉപേക്ഷിച്ചതായും പരാതിയുണ്ട്.

2017 നവംബർ മുതൽ 2018 ഫെബ്രുവരി വരെയുള്ള സമയത്തിനിടെ കോട്ടയം കെ എസ് ആർ ടി സി ഓഫിസിന് സമീപത്തെ റവന്യു റിക്കവറി ഓഫിസിലെ ജീവനക്കാരനായിരുന്നു ജോബി.
വിവിധ സ്ഥലങ്ങളിൽ നിന്നും കളക്ഷൻ എടുക്കുന്ന തുക ബാങ്കിലും ട്രഷറിയിലും അടയ്ക്കേണ്ട ഉത്തരവാദിത്വം ജോബിക്കായിരുന്നു. ഈ തുക ബാങ്കിൽ അടച്ചതായി വ്യാജ രേഖയുണ്ടാക്കി ജോബി തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി.
. പല തവണയായി രണ്ടു ലക്ഷത്തോളം രൂപ ജോബി തട്ടിയെടുത്തതായി റവന്യു റിക്കവറി വിഭാഗം തഹസീൽദാ‌ർ കണ്ടെത്തി. തുടർന്ന് ഇദ്ദേഹം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ജോബിയെ സസ്പെൻറ് ചെയ്ത റവന്യു വിഭാഗം നൽകിയ പരാതിയിൽ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ഇതോടെ ജോബി മുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചു മാസത്തോളം ഒളിവിൽ കഴിഞ്ഞ ജോബി എറണാകുളത്ത് എത്തിയതായി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് വെസ്റ്റ് എസ്.ഐ എം.ജെ അരുൺ, അഡീഷണൽ എസ്.ഐ യു.സി ബിജു, എ.എസ്.ഐ ബിനുമോൻ, സിവിൽ പൊലീസ് ഓഫിസർ നവീൻ എന്നിവർ ചേർന്ന് എറണാകുളത്തു നിന്നും പിടികൂടി. വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാൻഡ് ചെയ്‌തു.