ചവറയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : മകനും മരുമകളും അറസ്റ്റിൽ ; അമ്മയെ മകൻ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തിയത് വീടും സ്ഥലവും കൈക്കലാക്കാൻ
സ്വന്തം ലേഖകൻ
കൊല്ലം: ചവറ തെക്കുംഭാഗം ഞാറമ്മൂട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടമ്മയെ കൊലപ്പെടുത്തിയ മകനെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതിൽ വീട്ടിൽ രാജേഷ്, ഇയാളുടെ ഭാര്യ ശാന്തിനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പുലർച്ചെയാണ് രാജേഷിന്റെ അമ്മ ദേവകി(75)യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് കഴുത്തിൽ ബലം പ്രയോഗിച്ചതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകനായ രാജേഷും മരുമകൾ ശാന്തിനിയും പൊലീസ് പിടിയിലായത്.
അമ്മയുമായി സ്വത്ത് തർക്കത്തിലായിരുന്ന മകൻ വീടും പുരയിടവും കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഭാര്യയുടെ സഹായത്തോടെ കൃത്യം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.എന്നാൽ അമ്മയുടെ മരണം സ്വാഭാവികമാണെന്ന് വാദിച്ച് അറസ്റ്റിനെ ചെറുക്കാൻ ശ്രമിെച്ചങ്കിലും ശാസ്ത്രീയമായ അന്വേഷണങ്ങളും തെളിവുകളും നിരത്തി പൊലീസ് ചോദ്യംചെയ്തതോടെ പ്രതികൾ കുറ്റസമ്മതം നടത്തുകയായിരുന്നു.
കരുനാഗപ്പള്ളി എ.സി.പി കെ. സജീവിന്റെ നേതൃത്വത്തിൽ തെക്കുംഭാഗം ഇൻസ്പെക്ടർ ആർ. രാജേഷ്‌കുമാർ, എസ്.ഐമാരായ എം. സുജാതൻപിള്ള, പി.വി. വിജയകുമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.