
സ്വന്തം ലേഖിക.
ചങ്ങനാശ്ശേരി: പായിപ്പാട് സെന്‍ട്രല്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് മൂന്നു കോടിയിലേറെ രൂപയുടെ ക്രമക്കേട് സംബന്ധിച്ച വാര്‍ത്തകള്‍.
ബാങ്ക് സെക്രട്ടറി കെ.എന്‍. ബിന്ദു, അറസ്റ്റിലായ ബാങ്ക് മുന്‍ പ്രസിഡന്‍റ് ഇ.പി. രാഘവന്‍പിള്ള (70), മുന്‍ ജീവനക്കാരന്‍ എം. ഗോപാലകൃഷണപിള്ള (75)എന്നിവര്‍ പത്തുവര്‍ഷത്തിലേറെക്കാലമായി നടത്തിയ ക്രമക്കേടുകളാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു ലക്ഷം മുതല്‍ 53 ലക്ഷം രൂപവരെയുള്ള സ്ഥിര നിക്ഷേപങ്ങളിലാണ് തിരിമറി നടന്നിരിക്കുന്നത്. 2.80 കോടിയോളം രൂപയും ചിട്ടിക്ക് ഈടുവച്ച സ്വര്‍ണം എടുത്ത് മറ്റുബാങ്കുകളില്‍ കൊണ്ടുപോയി പണയംവച്ച ഇനത്തില്‍ ഇരുപതു ലക്ഷത്തോളം രൂപയും ബാങ്കിനു നഷ്ടപ്പെട്ടതായാണ് ബാങ്ക് ഭരണ സമിതി നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.
ബാങ്കില്‍നിന്നും സ്വര്‍ണം അനധികൃതമായി എടുത്തുകൊണ്ടുപോയി ഇരുവരും ചേര്‍ന്ന് പായിപ്പാട്ടുള്ള മറ്റ് ബാങ്കുകളില്‍ പണയംവച്ച് പണം എടുത്തതായും പുതിയ ബാങ്ക് ഭരണ സമിതി കണ്ടെത്തിയിരുന്നു. ഇത് കണ്ടുപിടിക്കപ്പെട്ടതോടെ തട്ടിപ്പു നടത്തിയവര്‍ ചേര്‍ന്ന് ബാങ്കില്‍ പണയം വച്ച് ഇടപാടുകാരുടെ സ്വര്‍ണം തിരികെ എടുത്തു നല്‍കിയിരുന്നു.
ഈ ഇനത്തില്‍ ഇനിയും ഇരുപത് ലക്ഷത്തോളം രൂപ നല്‍കാനുള്ളതായാണ് സൂചന.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഇ.പി. രാഘവന്‍പിള്ള കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി പായിപ്പാട് സെന്‍ട്രല്‍ സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റാണ്.
കോണ്‍ഗ്രസ് മണ്ഡലം മുന്‍പ്രസിഡന്‍റായിരുന്ന ഗോപാലകൃഷ്ണപിള്ള വര്‍ഷങ്ങളായി ബാങ്കിലെ ജീവനക്കാരനുമായിരുന്നു. കഴിഞ്ഞ ജൂണ്‍13നാണ് തെരഞ്ഞെടുപ്പിലൂടെ യുഡിഎഫിന് ഭൂരിപക്ഷമുള്ള ബാങ്കിന്‍റെ പുതിയ ഡയറക്ടര്‍ബോര്‍ഡ് നിലവില്‍വന്നത്. ഈ ബോര്‍ഡിലും എതിര്‍പ്പുകളെ നേരിട്ടാണ് രാഘവന്‍പിള്ളപ്രസിഡന്‍റായത്.
തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡിലെ ചില അംഗങ്ങളാണ് സാമ്പത്തിക തിരിമറികളും ക്രമക്കേടുകളും കണ്ടെത്തിയത്. തിരിമറി നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങളായ ഇരുവരെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.
ഇ.പി. രാഘവന്‍പിള്ളയെ ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും ഭരണസമിതി കഴിഞ്ഞ നവംബര്‍ 9 നാണ് പുറത്താക്കിയത്. കാലങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. രണ്ടേകാല്‍ കോടിയോളം രൂപ നഷ്ടമുള്ളപ്പോഴാണ് മൂന്നുകോടിയോളം രൂപയുടെ പുതിയ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.



